കോഹ്ലിയോ രോഹിതോ ആവാൻ ബാബർ ആസമിന് സാധിക്കില്ല. അവന് പവറില്ലന്ന് മുഹമ്മദ്‌ കൈഫ്‌.

വലിയ പ്രതീക്ഷകളോടെ ഏകദിന ലോകകപ്പിനായി ഇന്ത്യൻ മണ്ണിലെത്തിയ പാക്കിസ്ഥാൻ ടീമിന് ഇതുവരെ നിരാശയാണ് ഫലം. ഇതുവരെ ഈ ലോകകപ്പിൽ 7 മത്സരങ്ങൾ കളിച്ച പാക്കിസ്ഥാൻ കേവലം 3 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതിനാൽ തന്നെ പാക്കിസ്ഥാൻ സെമിയിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്. ലോകകപ്പിൽ പാകിസ്താന്റെ വലിയ പ്രതീക്ഷയായിരുന്നു നായകൻ ബാബർ ആസം. ബാറ്റിംഗിൽ ബാബർ ആസമിന് വേണ്ട രീതിയിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കാതെ വന്നത് പാകിസ്ഥാനെ ബാധിച്ചിട്ടുണ്ട്.

ഇതുവരെ ഈ ലോകകപ്പിൽ 3 അർധസെഞ്ച്വറികൾ നേടാൻ സാധിച്ചെങ്കിലും ബാബർ ആസം മികച്ച ഫ്ലോയിലല്ല കളിച്ചത്. റൺസ് കണ്ടെത്താൻ ഒരുപാട് പന്തുകൾ ഉപയോഗിക്കുന്നു എന്നതാണ് ആസമിന്റെ ഏറ്റവും വലിയ പ്രശ്നമായി നിലനിൽക്കുന്നത്. ഇത്തരത്തിലുള്ള ആസമിന്റെ ഇന്നിംഗ്സ് പലപ്പോഴും പാകിസ്താനെ മത്സരത്തിൽ പരാജയത്തിലേക്ക് നയിക്കുന്നു. ഈ സമയത്ത് ബാബർ ആസാമിന്റെ ടൂർണമെന്റിലെ പ്രകടനം വിശകലനം ചെയ്ത് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിലാണ് പാക്കിസ്ഥാൻ അവസാനമായി കളിച്ചത്. മത്സരത്തിൽ 16 പന്തുകൾ നേരിട്ട ബാബർ അസം 9 റൺസാണ് നേടിയത്. മത്സരത്തിൽ ഒരു സിക്സർ നേടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ബാബർ ആസം കൂടാരം കയറിയത്. പാക്കിസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമായിരുന്നു ബംഗ്ലാദേശിനെതിരെ നടന്നത്.

മത്സരത്തിൽ ഏറ്റവും വേഗത്തിൽ വിജയിച്ച് നെറ്റ് റൺറേറ്റ് കണ്ടെത്തിയാൽ മാത്രമേ പാകിസ്താന് ടൂർണമെന്റിൽ നിലനിൽക്കാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ബാബർ അസമിന് തന്റെ വിക്കറ്റ് നഷ്ടമായി. ഈ സാഹചര്യത്തിലാണ് ബാബർ അസമിന്റെ മോശം പ്രകടനത്തെ പറ്റി മുഹമ്മദ് കൈഫ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

“ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ബാബർ ആസമിന്റെ ഇന്നിങ്സിനെ ഞാൻ മോശമായി കാണുന്നില്ല. മത്സരം നേരത്തെ തന്നെ ഫിനിഷ് ചെയ്യുക എന്ന ഉദ്ദേശത്തിലായിരുന്നു ആസാം കളിച്ചത്. പക്ഷേ ഈ ലോകകപ്പിൽ ബാബർ ആസം വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വളരെ പതിയെയാണ് ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ആസം കളിച്ചത്. ഒരു ഏകദിന ലോകകപ്പിൽ ഇത്തരത്തിലുള്ള പ്രകടനങ്ങളല്ല കാഴ്ചവയ്ക്കേണ്ടത്. രോഹിത് ശർമയെപ്പോലെയോ വിരാടിനെ പോലെയോ ആക്രമണപരമായ രീതിയിൽ കളിക്കാൻ ആസമിന് സാധിക്കുന്നില്ല. അവരെപ്പോലെ ഒരു പവർ ആസമിനില്ല. എന്നിരുന്നാലും മത്സരം ആവശ്യപ്പെടുന്നത് പോലെ തന്റെ കഴിവുകൾ ആസം മാറ്റിയെടുക്കേണ്ടതുണ്ട്.”- കൈഫ് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വലിയ വിജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാനായി ഷാഹിൻ അഫ്രിദി, മുഹമ്മദ് വസീം എന്നിവർ മികച്ച ബോളിങ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. 3 വിക്കറ്റുകൾ ഇരുവരും നേടിയതോടെ ബംഗ്ലാദേശ് 204 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർ ഫഖർ സമനും അബ്ദുള്ള ഷെഫീക്കുമാണ് മികവ് പുലർത്തിയത്.

Previous articleസമ്പൂർണ “കിവി വധം” നടത്തി ദക്ഷിണാഫ്രിക്ക. ഇത്തവണ ഇന്ത്യയ്ക്കുള്ള വെല്ലുവിളി ദക്ഷിണാഫ്രിക്ക തന്നെ.
Next articleഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീം ഇന്ത്യയാണ്. വമ്പൻ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം.