സമ്പൂർണ “കിവി വധം” നടത്തി ദക്ഷിണാഫ്രിക്ക. ഇത്തവണ ഇന്ത്യയ്ക്കുള്ള വെല്ലുവിളി ദക്ഷിണാഫ്രിക്ക തന്നെ.

F92UNw1XAAAWJLq e1698862086548

ന്യൂസിലാൻഡിന്റെ വീര്യത്തെ തല്ലിക്കെടുത്തി ദക്ഷിണാഫ്രിക്കൻ വിജയഗാഥ. ആവേശ മത്സരത്തിൽ ഏകപക്ഷീയമായ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക കിവികൾക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ 190 റൺസിന്റെ പരാജയമാണ് കിവികൾക്ക് നേരിട്ടത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരും ബോളർമാരും മത്സരത്തിൽ നിറഞ്ഞാടുകയായിരുന്നു. ഈ ലോകകപ്പിലെ തന്നെ നാലാം സെഞ്ച്വറി സ്വന്തമാക്കിയ ഡികോക്കും രണ്ടാം സെഞ്ചുറി സ്വന്തമാക്കിയ വാൻ ഡർ ഡസനുമാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ മാർക്കോ യാൻസനും കേശവ് മഹാരാജും മികവ് പുലർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ഒരു കൂറ്റൻ വിജയം തന്നെ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ നായകൻ ബവുമയെ തുടക്കത്തിലെ പറഞ്ഞയക്കാൻ കിവികൾക്ക് സാധിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ വാൻ ഡർ ഡസനും ചേർന്ന് ഒരു കൂറ്റൻ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് നിർമ്മിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 200 റൺസ് ആണ് കൂട്ടിച്ചേർത്തത്. ഇരുവരും മത്സരത്തിൽ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. 116 പന്തുകൾ നേരിട്ട ഡികോക്ക് 114 റൺസ് ആണ് മത്സരത്തിൽ നേടിയത്. 10 ബൗണ്ടറികളും 3 സിക്സറുകളും ഡികോക്കിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. വാൻ ഡർ ഡസൻ 118 പന്തുകളിൽ 133 റൺസാണ് നേടിയത്. 9 ബൗണ്ടറികളും 5 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു.

ഒപ്പം അവസാന ഓവറുകളിൽ 30 പന്തുകളിൽ 53 റൺസ് നേടിയ മില്ലറും, ഏഴ് പന്തുകളിൽ 15 റൺസ് നേടിയ ക്ലാസനും അടിച്ചുതകർത്തത്തോടെ ദക്ഷിണാഫ്രിക്ക 357 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. 358 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡിന് തുടക്കം മുതൽ കളി പിഴച്ചു. ഓപ്പണർ വിൽ യങ്(33) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ പേസർമാർക്ക് മുൻപിൽ അടിയറവ് പറയുകയായിരുന്നു. ഡാരൽ മിച്ചൽ അടക്കമുള്ള ബാറ്റർമാർക്ക് തരക്കേടില്ലാത്ത തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. ഇതോടെ ന്യൂസിലാൻഡ് പൂർണമായും ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിൽ അടിയറവ് പറയുന്നതാണ് കണ്ടത്.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ പൊരുതിയത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി കിടിലൻ ബോളിംഗ് പ്രകടനങ്ങൾ തന്നെയാണ് പേസ് ബോളർമാരും സ്പിന്നർമാരും കാഴ്ചവച്ചത്. മാർക്കോ യാൻസൺ ദക്ഷിണാഫ്രിക്കക്കായി 31 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. സ്പിന്നർ കേശവ് മഹാരാജ് 46 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. ഈ കൂറ്റൻ വിജയത്തോടെ ലോകകപ്പിന്റെ പോയ്ന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല സെമിയിൽ ഏകദേശം ദക്ഷിണാഫ്രിക്ക സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മറുവശത്ത് ന്യൂസിലാൻഡിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ് ഈ പരാജയം നൽകിയിരിക്കുന്നത്.

Scroll to Top