ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ പ്രാപ്തിയുള്ള ബാറ്ററെ പറ്റി യുവതാരം ശിവം മാവി പറയുകയുണ്ടായി. ഇന്ത്യയുടെ സൂപ്പർ താരമായ ശുഭമാൻ ഗില്ലിന് വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർത്തെറിയാൻ സാധിക്കുമെന്നാണ് ശിവം മാവിയുടെ അഭിപ്രായം. നിലവിൽ ഗില്ലിന്റെ ഷോട്ട് മേക്കിങും മൈതാനത്തെ ശാന്തതയുള്ള പെരുമാറ്റവുമൊക്കെ ഇതിന് കാരണമാകുമെന്നാണ് മാവി കരുതുന്നത്.
ഇപ്പോൾ ഗില്ലിനെപ്പോലെ സൂക്ഷ്മതയോടെ മൈതാനത്ത് കളിക്കുന്ന ഒരുപാട് ബാറ്റർമാരില്ല എന്ന് ശിവം മാവി സമ്മതിക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ശിവം മാവി ഇക്കാര്യം വെളിപ്പെടുത്തിയത്.
“സത്യസന്ധമായി പറഞ്ഞാൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർത്തെറിയാൻ ശുഭമാൻ ഗില്ലിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ അവൻ കളിക്കുന്ന ഷോട്ടുകളും ബാറ്റിംഗിലെ സാങ്കേതികതയും പരിശോധിച്ചാൽ തന്നെ നമുക്ക് ബോധ്യപ്പെടും. ഇപ്പോൾ വ്യത്യസ്തമായ ഒരു ലെവലിലാണ് ഗിൽ ബാറ്റ് ചെയ്യുന്നത്. നിലവിൽ ഗില്ലിനെപ്പോലെ കൃത്യമായി ഷോട്ടുകൾ കളിക്കുന്ന മറ്റൊരു ബാറ്ററുണ്ട് എന്ന് ഞാൻ കരുതുന്നുമില്ല.”- ശിവം മാവി പറയുകയുണ്ടായി.
ഇപ്പോൾ ഗിൽ ശ്രമിക്കുന്നത് ദൈർഘ്യമേറിയ ഇന്നിംഗ്സുകൾ കളിക്കാനാണ് എന്നും ശിവം മാവി കൂട്ടിച്ചേർക്കുകയുണ്ടായി. “ഇപ്പോൾ അവൻ വലിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. ഇത് അവൻ പറയുകയുമുണ്ടായി. 30- 40 റൺസ് സ്വന്തമാക്കിയതിന് ശേഷം ഇന്നിങ്സുകൾ എങ്ങനെ വലിയ ഒന്നാക്കി മാറ്റാം എന്നതിനെ പറ്റിയാണ് ഗില്‍ ചിന്തിക്കുന്നത്. മുൻപ് അവൻ മൈതാനത്ത് എത്തിയശേഷം ഒരുപാട് സമ്മർദം നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ അക്കാര്യത്തിലും അവൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. വ്യത്യസ്തമായ ഒരു മാനസികാവസ്ഥയോടെയാണ് ഗിൽ കളിക്കുന്നത്. വരുന്ന ബോളിന്റെ നിലവാരമനുസരിച്ച് അതിനെതിരെ പ്രതികരിക്കാൻ അവന് സാധിക്കുന്നുണ്ട്. അതുകൊണ്ട് ക്രീസിൽ ഉറച്ചു കഴിഞ്ഞാൽ സെഞ്ച്വറി സ്വന്തമാക്കുക എന്നതാണ് അവൻ ലക്ഷ്യം വയ്ക്കുന്നത്. ഭാവിയിൽ അവൻ ഒരുപാട് സെഞ്ച്വറികൾ സ്വന്തമാക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- മാവി കൂട്ടിച്ചേർത്തു.
“അവന്റെ ബാറ്റിങ്ങിലെ ടെക്നിക്കുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ക്രീസിലെത്തിയാൽ മികച്ച പൊസിഷൻ കാത്തുസൂക്ഷിക്കാനും അവനു സാധിക്കുന്നുണ്ട്. സമീപകാലത്ത് അവൻ അവന്റെ ടെക്നിക്കുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും നിലവിൽ യാതൊരു പ്രശ്നവുമില്ല. ഫിറ്റ്നസ്സിൽ അവൻ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവൻ ഭാവി താരമാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ബാറ്റിംഗിൽ അവൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർക്കുമെന്ന കാര്യവും ഞാൻ ഉറപ്പിച്ചു പറയുന്നു.”- മാവി പറഞ്ഞുവെക്കുന്നു.