ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിലാണ് ഗുജറാത്ത് ടൈറ്റൻസും ലക്നൗ ടീമും ടൂർണമെന്റിലേക്ക് എത്തുന്നത്. ഇതോടെ ഐപിഎല്ലിൽ 10 ടീമുകൾ തികയുകയായിരുന്നു പക്ഷേ അതിനു മുൻപ് 2011 സീസണിലും 10 ടീമുകൾ അടങ്ങുന്ന ടൂർണമെന്റാണ് നടന്നത്. ഇപ്പോഴുള്ള ടീമുകൾക്ക് പുറമേ പൂനെ വാരിയേഴ്സ് ഇന്ത്യ, കൊച്ചി ടസ്ക്കേഴ്സ് കേരള എന്നീ ടീമുകളാണ് 2011 സീസണിൽ ഉണ്ടായിരുന്നത്.
പക്ഷേ ഈ ഫ്രാഞ്ചൈസികൾ ഒന്നുംതന്നെ നിലവിൽ കളിക്കുന്നില്ല. പൂനെ ഫ്രാഞ്ചൈസി 3 സീസണുകളിൽ ഐപിഎല്ലിൽ കളിക്കുകയുണ്ടായി. പക്ഷേ കൊച്ചി ടസ്ക്കേഴ്സ് ഐപിഎല്ലിലെ നിയമലംഘനത്തിന്റെ പേരിൽ ആദ്യ വർഷം തന്നെ പുറത്താക്കപ്പെട്ടു. എന്നാൽ ഇപ്പോഴും കൊച്ചി ടസ്കേഴ്സ് ടീം തങ്ങളുടെ താരങ്ങളുടെ പ്രതിഫലം പൂർണ്ണമായും കൊടുത്തു വിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് വ്യക്തത നൽകി രംഗത്ത് വന്നിരിക്കുകയാണ് മലയാളി താരം ശ്രീശാന്ത്.
മലയാളി താരം ശ്രീശാന്ത്, ബ്രണ്ടൻ മക്കല്ലം, ജയവർദ്ധന, രവീന്ദ്ര ജഡേജ തുടങ്ങിയ പല താരങ്ങൾക്കും ഇപ്പോഴും കൊച്ചി ടീമിൽ നിന്ന് പ്രതിഫലം ലഭിക്കാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യം ബോധിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.
“അവർ ഇപ്പോഴും ഞങ്ങൾക്ക് ഒരുപാട് പണം തരാനുണ്ട്. ഇപ്പോഴും അവരുടെ കയ്യിൽ പണമില്ല എന്നാണ് പറയുന്നത്. നിങ്ങൾ മുത്തയ്യ മുരളീധരൻ സാറിനോട് ഇക്കാര്യം ചോദിക്കൂ. മഹേള ജയവർദ്ധനയോടും ചോദിച്ചോളൂ. അവരും ഇങ്ങനെ തന്നെയാവും പറയുക. മക്കല്ലത്തിനും ജഡേജയ്ക്കും ഇനിയും പണം നൽകാനുണ്ട്.”- ശ്രീശാന്ത് പറഞ്ഞു.
3 സീസണുകളിലേക്കാണ് കൊച്ചി ടസ്കേഴ്സ് ടീം ഐപിഎല്ലിന്റെ ഭാഗമായത്. പക്ഷേ ആദ്യ സീസണിന് ശേഷം ടീം പുറത്താക്കപ്പെടുകയായിരുന്നു. ശേഷമാണ് താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത്രമാത്രം അനിശ്ചിതാവസ്ഥ വന്നത്.
“ബിസിസിഐ നിങ്ങൾക്ക് പണം നൽകിയിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. ദയവുചെയ്ത് ഞങ്ങളുടെ പ്രതിഫലം തരൂ. എപ്പോൾ നിങ്ങൾ പ്രതിഫലം തന്നാലും 18% പലിശ എല്ലാ വർഷവുമുണ്ട് എന്ന് മനസ്സിലാക്കൂ. എന്റെ കുട്ടിയുടെ വിവാഹത്തിന് കൊച്ചി ടസ്റ്റേഴ്സ് ടീമിൽ നിന്ന് പണം ലഭിക്കും എന്നാണ് ഞാൻ കരുതുന്നത് (ചിരിക്കുന്നു). അന്ന് ടീം തുടങ്ങിയത് 3 വർഷത്തേക്ക് ആയിരുന്നു. പക്ഷേ ആദ്യ വർഷം തന്നെ പുറത്താക്കപ്പെട്ടു. അന്ന് ശമ്പളത്തെപ്പറ്റി ആരും തന്നെ പറഞ്ഞതായി എനിക്കറിയില്ല. ഇപ്പോഴും താരങ്ങൾ തമ്മിൽ കാണുമ്പോൾ അവർ ഇത് സംസാരിക്കാറുണ്ട്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.
2011ൽ കൊച്ചി ടീമിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജ് ഇക്കാര്യത്തെ സംബന്ധിച്ച് മുൻപ് സംസാരിച്ചിരുന്നു. 2021ൽ ഹോഡ്ജ് തന്റെ ട്വിറ്ററിൽ എഴുതി ചേർത്ത വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. കൊച്ചി ടസ്കേഴ്സ് തങ്ങളുടെ താരങ്ങളുടെ 35%ത്തോളം തുക നൽകാനുണ്ട് എന്നാണ് ഹോഡ്ജ് അന്ന് കുറിച്ചത്.
“10 വർഷം മുൻപ് കൊച്ചി ടസ്കേഴ്സിനെ പ്രതിനിധീകരിച്ച താരങ്ങളുടെ 35%ത്തോളം പ്രതിഫലം ഇപ്പോഴും കിട്ടാനുണ്ട്. ഈ പണം ഞങ്ങൾക്ക് തിരികെ നൽകാൻ വല്ല സാധ്യതയുമുണ്ടോ, ബിസിസിഐ?”- ഇതായിരുന്നു ഹോഡ്ജ് തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ശേഷമാണ് ഇപ്പോൾ ശ്രീശാന്ത് രംഗത്ത് എത്തിയിരിക്കുന്നത്.