കേരളത്തിന്റെ ഹീറോയായി അസറുദ്ദീൻ. തകർപ്പൻ സെഞ്ച്വറി. രഞ്ജിയിൽ കേരളം മികച്ച നിലയിൽ.

0
4

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിന്റെ രണ്ടാം ദിവസവും ബാറ്റിംഗിൽ ശക്തമായ ആധിപത്യം പുലർത്തി കേരള ടീം. മത്സരത്തിൽ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഇതിനോടകം തന്നെ ശക്തമായ സ്കോർ സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്റെ ശക്തമായ ബാറ്റിംഗ് പ്രകടനത്തിലാണ് കേരളം മികച്ച സ്കോറിലേക്ക് കുതിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം ഒരു ശക്തമായ സെഞ്ച്വറിയണ് അസറുദ്ദീൻ സ്വന്തമാക്കിയത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ കേരളം തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് സ്വന്തമാക്കി കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ ദിവസം ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം തന്നെയായിരുന്നു ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കേരളത്തിനായി കെട്ടിപ്പടുത്തു. ശേഷം നായകൻ സച്ചിൻ ബേബി കൂടെ ഫോമിലേക്ക് ഉയർന്നതോടെ കേരളം ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 195 പന്തുകൾ നേരിട്ട സച്ചിൻ ബേബി 69 റൺസ് ആണ് ആദ്യ ഇന്നിങ്സിൽ നേടിയത്. പിന്നീടാണ് മുഹമ്മദ് അസറുദീൻ ക്രീസിലെത്തിയത്. തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതൽ വളരെ കരുതലോടെയാണ് മുഹമ്മദ് അസറുദ്ദീൻ കളിച്ചത്.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി തന്നെ സ്വന്തമാക്കാൻ അസറുദ്ദീന് സാധിച്ചു. ഒപ്പം കേരളത്തിന്റെ ക്വാർട്ടർ ഫൈനലിലെ ഹീറോയായ സൽമാൻ നിസാറും ക്രീസിലുറച്ചതോടെ കേരളം 400 കടക്കും എന്ന കാര്യം ഉറപ്പായി. 202 പന്തുകൾ നേരിട്ട നിസാർ 52 റൺസാണ് നേടിയത്. മറുവശത്ത് അസറുദ്ദീൻ തന്റേതായ രീതിയിൽ റൺസ് കണ്ടെത്തി. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ മുഹമ്മദ് അസറുദീനും ആദിത്യാ സർവാതയുമാണ് കേരളത്തിനായി ക്രീസിലുള്ളത്.

അസറുദ്ദീൻ ഇതിനോടകം 303 പന്തുകൾ നേരിട്ട് 149 റൺസ് സ്വന്തമാക്കി പുറത്താവാതെ നിൽക്കുന്നു. 17 ബൗണ്ടറികളാണ് അസറുദ്ദീന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ആദിത്യാ സർവാത 22 പന്തുകളിൽ 10 റൺസ് നേടിയാണ് പുറത്താവാതെ നിൽക്കുന്നത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 418 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

മറുവശത്ത് ഗുജറാത്തിനെ സംബന്ധിച്ച് വളരെ നിരാശജനകമായ ബോളിംഗ് പ്രകടനം തന്നെയായിരുന്നു ബോളർമാർ കാഴ്ചവച്ചത്. മത്സരത്തിന്റെ ഒരു സമയത്ത് പോലും കേരള ബാറ്റർമാർക്ക് മെൽ ആധിപത്യം സ്ഥാപിക്കാൻ ഗുജറാത്തിന്റെ ബോളർമാർക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ മൂന്നാം ദിവസം ഒരു ശക്തമായ സ്കോർ കെട്ടിപ്പടുത്ത് ഗുജറാത്തിനെ വരിഞ്ഞു മുറുകനാണ് കേരളത്തിന്റെ ശ്രമം.