ആലപ്പിയുടെ ശക്തമായ നിരയെ തച്ചുതകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കെസിഎൽ മത്സരത്തിൽ 6 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ആലപ്പി ടീമിനെതിരെ കാലിക്കറ്റ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ ആധിപത്യം പുലർത്തിയായിരുന്നു ആലപ്പിയുടെ വിജയം.
ബോളിങ്ങിൽ ആലപ്പിയുടെ നെടുംതൂണായി മാറിയത് അഖിൽ ദേവിന്റെ പ്രകടനമായിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക്ക് മത്സരത്തിൽ അഖിൽ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ കാലിക്കറ്റിനായി മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവച്ചതോടെ, ടീം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ കാലിക്കറ്റിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ കാലിക്കറ്റ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ബാറ്റിംഗ് ദുരന്തം തന്നെയാണ് ആലപ്പി ടീമിന് സംഭവിച്ചത്. ആദ്യ ബോൾ മുതൽ ആലപ്പി പതറുന്നതാണ് കണ്ടത്. വലിയ പ്രതീക്ഷയായിരുന്ന കൃഷ്ണ പ്രസാദു(1) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും(1) തുടക്കത്തിൽ തന്നെ കൂടാരം കയറി.
ശേഷമെത്തിയ മുൻനിര ബാറ്റർമാരും രണ്ടക്കം കാണാൻ ബുദ്ധിമുട്ടിയപ്പോൾ ആലപ്പി ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കേവലം 19 റൺസ് സ്വന്തമാക്കുന്നതിനിടെ 5 വിക്കറ്റുകളാണ് ആലപ്പിയ്ക്ക് തുടക്കത്തിൽ നഷ്ടമായത്. ശേഷം ഉജ്ജ്വൽ കൃഷ്ണയും അക്ഷയും ചേർന്നാണ് ആലപ്പിയെ വലിയ ദുരന്തത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയത്.
ഉജ്വൽ കൃഷ്ണ മത്സരത്തിൽ 32 റൺസ് നേടിയപ്പോൾ അക്ഷയ് 34 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതിനിടെ കാലിക്കറ്റിനായി അഖില്‍ ദേവ് ഒരു തട്ടുപൊളിപ്പൻ ഹാട്രിക് സ്വന്തമാക്കി. ആൽഫി ഫ്രാൻസിസ്, ഫനൂസ്, വിനുപ് മനോഹരൻ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയായിരുന്നു അഖിൽ ദേവ് തന്റെ ഹാട്രിക് നേടിയത്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക്കാണ് അഖിൽ ദേവ് സ്വന്തമാക്കിയത്. മത്സരത്തിൽ 20 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളാണ് അഖിൽ സ്വന്തമാക്കിയത്. ഇതോടെ ആലപ്പി കേവലം 90 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച കാലിക്കറ്റ് എത്രയും വേഗം മത്സരത്തിൽ വിജയം സ്വന്തമാക്കാനാണ് ശ്രമിച്ചത്. ആദ്യ ബോൾ മുതൽ ആക്രമണ മനോഭാവം പുലർത്താൻ കാലിക്കറ്റിന്റെ ബാറ്റർമാർക്ക് സാധിച്ചു. രോഹൻ കുന്നുമ്മൽ 12 പന്തുകളിൽ 19 റൺസുമായാണ് ആരംഭിച്ചത്. നിഖിൽ 11 പന്തുകളിൽ 14 റൺസ് നേടി. ഇരുവരും പുറത്തായ ശേഷമെത്തിയ അരുണും അടിച്ചു തകർത്തതോടെ അനായാസം കാലിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 23 പന്തുകൾ നേരിട്ട അരുൺ 34 റൺസാണ് സ്വന്തമാക്കിയത്. 6 വിക്കറ്റുകളുടെ വിജയമാണ് കാലിക്കറ്റ് മത്സരത്തിൽ നേടിയത്.