2024 ദുലീപ് ട്രോഫി ടൂർണമെന്റ് പുരോഗമിക്കുകയാണ്. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളൊക്കെയും ഈ ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ടൂർണമെന്റിൽ ഇന്ത്യ എ ടീമിന്റെ നായകൻ ശുഭമാൻ ഗില്ലാണ്. ബി ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കുന്നു.
സി ടീമിന്റെ ക്യാപ്റ്റൻ ഋതുരാജാണ്. ശ്രേയസ് അയ്യരാണ് ഡി ടീമിന്റെ നായകൻ. ഇത്രയും യുവതാരങ്ങൾ ദുലീപ് ട്രോഫിയിൽ നായകന്മാരായി ഉണ്ടെങ്കിലും ക്യാപ്റ്റൻസിയിൽ മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് മറ്റൊരു യുവതാരമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ വനിതാ ടീം കോച്ച് ഡബ്ലിയുവി രാമൻ. മൈതാനത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റിഷഭ് പന്തിന്റെ നായകത്വ മികവാണ് എന്ന് രാമൻ പറഞ്ഞു.
നിലവിൽ ഋഷഭ് പന്ത് ദുലീപ് ട്രോഫിയിൽ ഒരു ടീമിന്റെയും നായകനല്ല. എന്നിരുന്നാലും മൈതാനത്തെ പന്തിന്റെ പ്രകടനം അങ്ങേയറ്റം മികച്ചതായിരുന്നു എന്ന് രാമൻ പറയുന്നു. ഇന്ത്യ എയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരത്തിനിടെയാണ് രാമൻ ഇക്കാര്യം പറഞ്ഞത്. മൈതാനത്ത് പന്തിന്റെ നായകത്വ മികവുകൾ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു എന്നാണ് രാമൻ പറഞ്ഞത്. മത്സരത്തിൽ പേസറായ നവദീപ് സൈനിയുമൊത്ത് ഒരുപാട് സമയം പന്ത് സംസാരിച്ചിരുന്നു. ശേഷം സൈനി ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാമൻ പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
“ആരാണ് ക്യാപ്റ്റൻ എന്നതിന് ഇവിടെ വലിയ പ്രസക്തിയില്ല. മൈതാനത്ത് എല്ലായിപ്പോഴും റിഷഭ് പന്ത് ഒരു ലീഡറാണ്. നവദീപ് സൈനിയ്ക്കൊപ്പം ഒരു വലിയ സംഭാഷണത്തിൽ റിഷഭ് പന്ത് ഏർപ്പെട്ടിരുന്നു. കുറച്ചു കാര്യങ്ങൾ അവൻ സൈനിയോട് നിർദ്ദേശിക്കുകയുണ്ടായി. അതിന് ശേഷം സൈനി വിക്കറ്റ് സ്വന്തമാക്കി. പന്ത് പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമായി എന്നാണ് എനിക്ക് തോന്നുന്നത്.”- രാമൻ കമന്റ്ററി ബോക്സിൽ പറയുകയുണ്ടായി.
മത്സരത്തിൽ ബാറ്റിങ്ങിലും മികച്ച പ്രകടനം തന്നെയായിരുന്നു പന്ത് കാഴ്ച വച്ചിരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 7 റൺസ് മാത്രമേ പന്തിന് നേടാൻ സാധിച്ചുള്ളൂ. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു തകർപ്പൻ അർത്ഥസെഞ്ച്വറി നേടാൻ പന്തിന് സാധിച്ചു. മത്സരത്തിൽ 47 പന്തുകളിൽ നിന്നായിരുന്നു പന്ത് 61 റൺസ് സ്വന്തമാക്കിയത്.
9 ബൗണ്ടറികളും 2 സിക്സറുകളും പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതിന് ശേഷം ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലും പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് പന്തിന്റെ ഒരു തിരിച്ചുവരവാണ് പരമ്പരയിലൂടെ ഉണ്ടാവാൻ പോകുന്നത്.