ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. കരുത്തരായ ന്യൂസിലാൻഡിനെ അവസാന മത്സരത്തിൽ 44 റൺസിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് ശ്രേയസ് അയ്യരാണ്. ബോളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. സെമിഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ നായകൻ രോഹിത് ശർമയും കൂടാരം കയറിയതോടെ ഇന്ത്യ ബാറ്റിംഗ് നിര തകർന്നു. ഒപ്പം കോഹ്ലി 11 റൺസ് നേടി മടങ്ങിയതോടെ ഇന്ത്യ 30ന് 3 എന്ന നിലയിൽ എത്തുകയായിരുന്നു. ശേഷമാണ് 98 റൺസിന്റെ കിടിലൻ കൂട്ടുകെട്ട് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്ന് ഇന്ത്യക്കായി നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 61 പന്തുകളിൽ 42 റൺസാണ് അക്ഷർ പട്ടേൽ മത്സരത്തിൽ നേടിയത്.
അതേസമയം 98 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 79 റൺസ് സ്വന്തമാക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ശേഷം അവസാന ഓവറുകളിൽ 45 പന്തുകളിൽ 45 റൺസ് നേടിയ ഹർദിക് പാണ്ട്യയും മികച്ച സംഭാവന നൽകിയതോടെ ഇന്ത്യ താരതമ്യേന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 249 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുവശത്ത് ന്യൂസിലാൻഡിനായി മാറ്റ് ഹെൻട്രി 5 വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് രചിൻ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. പക്ഷേ കെയിൻ വില്യംസൺ ക്രീസിലുറച്ച് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുകയായിരുന്നു.
മധ്യ ഓവറുകളിൽ കൃത്യമായ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാനാണ് വില്യംസൺ ശ്രമിച്ചത്. എന്നാൽ ഇതിനിടെ ഇന്ത്യൻ സ്പിന്നർമാരുടെ കടുത്ത ആക്രമണം നേരിടാൻ ന്യൂസിലാൻഡിന്റെ മറ്റു ബാറ്റർമാർക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും മികവ് പുലർത്തിയതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ഒരു വശത്ത് തകർന്നു. മറുവശത്ത് 120 പന്തിൽ 81 റൺസ് നേടിയ വില്യംസൺ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. എന്നാൽ അക്ഷർ പട്ടേലിന്റെ പന്തിൽ വില്യംസനും പുറത്തായതോടെ ന്യൂസിലാൻഡ് ബാറ്റിംഗ് നിര കൂപ്പുകുത്തി. വരുൺ ചക്രവർത്തി മത്സരത്തിൽ ഇന്ത്യക്കായി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.