രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ 36 റൺസിന്റെ വിജയമായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് അഭിഷേക് ശർമയുടെ പ്രകടനമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ താരം 5 പന്തുകളിൽ 12 റൺസാണ് നേടിയത്.
ഒരു ബൗണ്ടറിയും ഒരു സിക്സറും മാത്രമാണ് അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. എന്നാൽ ബോളിങ്ങിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. 4 ഓവറുകൾ പന്തറിഞ്ഞ അഭിഷേക് കേവലം 24 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ പ്രകടനത്തെപ്പറ്റി അഭിഷേക് ശർമ സംസാരിക്കുകയുണ്ടായി.
ഈ മത്സരത്തിൽ തന്നെ പാറ്റ് കമ്മിൻസ് തനിക്ക് 4 ഓവറുകൾ പന്തറിയാൻ തരുമെന്ന് കരുതിയിരുന്നില്ല എന്ന് അഭിഷേക് ശർമ പറയുന്നു. എന്നാൽ താൻ എന്തിനും തയ്യാറായിരുന്നു എന്നാണ് അഭിഷേക് പറഞ്ഞത്. “സത്യസന്ധമായി പറഞ്ഞാൽ ഈ മത്സരത്തിൽ 4 ഓവറുകൾ പന്തറിയാൻ എനിക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഞാൻ തയ്യാറായിരുന്നു. ഞാൻ എന്റെ ബോളിംഗിൽ കഴിഞ്ഞ സമയത്ത് വലിയ രീതിയിൽ പ്രയത്നങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ 2 വർഷങ്ങളായി ഞാൻ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. പക്ഷേ ബോളിംഗ് മാത്രമായിരുന്നു എന്റെ പ്രശ്നം. ഞാനെന്റെ പിതാവിനൊപ്പം ബോളിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുകയുണ്ടായി.”- അഭിഷേക് ശർമ പറഞ്ഞു.
“ഞങ്ങൾ ബാറ്റ് ചെയ്യുന്ന സമയത്ത് പിച്ച് കൂടുതൽ ബാറ്റിംഗിന് അനുകൂലമായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ പിച്ചിൽ നിന്ന് ടേൺ ലഭിക്കാൻ തുടങ്ങി. മാത്രമല്ല കമ്മിൻസ് സ്പിന്നർമാരെ വളരെ നന്നായി തന്നെ വിനിയോഗിക്കുകയും ചെയ്തു. പരിശീലന സമയത്ത് ഞാൻ അദ്ദേഹത്തിൽ പൂർണമായ സമ്മർദ്ദം ചെലുത്തിയിരുന്നു. അതിനാലാണ് ഇന്ന് അദ്ദേഹം എനിക്ക് ബോളിംഗ് തന്നത്. പഞ്ചാബിനൊപ്പം സൈദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയം സ്വന്തമാക്കാൻ എനിക്ക് സാധിച്ചിരുന്നു. അവിടെനിന്ന് ലഭിച്ച മൊമെന്റമാണ് ഇപ്പോഴും തുടരുന്നത്. ഇത്തരത്തിൽ കഠിനപ്രയത്നം ചെയ്ത് മുൻപിലേക്ക് പോകാൻ ഞാൻ എല്ലായിപ്പോഴും തയ്യാറാണ്.”- അഭിഷേക് ശർമ കൂട്ടിച്ചേർത്തു.
“ഈ രീതിയിൽ ടീമിൽ കളിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ടീമിൽ നിന്ന് ലഭിച്ച സന്ദേശം വളരെ ലളിതമായിരുന്നു. മൈതാനത്ത് എത്തി പൂർണമായി ആക്രമണം അഴിച്ചുവിടാനുള്ള അനുവാദം ടീം എനിക്ക് നൽകിയിരുന്നു. എന്നെ സംബന്ധിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിക്കുക എന്നത് വലിയൊരു സ്വപ്നം തന്നെയായിരുന്നു. അതാണ് ഇപ്പോൾ നിറവേറാൻ പോകുന്നത്.”- അഭിഷേക് ശർമ പറഞ്ഞു വയ്ക്കുകയുണ്ടായി. ഈ ഐപിഎല്ലിലുടനീളം ഇതുവരെ ബാറ്റിംഗിൽ വമ്പൻ പ്രകടനങ്ങളാണ് അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്.