ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര സമനിലയിലാണ് അവസാനിച്ചത്. 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഒരു മത്സരം ഇന്ത്യയും, ഒരു മത്സരം ദക്ഷിണാഫ്രിക്കയും വിജയിക്കുകയുണ്ടായി. ശേഷം ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഡിസംബർ 17 ഞായറാഴ്ച വാണ്ടറെഴ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിന മത്സരം നടക്കുന്നത്.
ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ കെഎൽ രാഹുൽ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രാഹുലാണ് 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയുടെ നായകൻ. രവീന്ദ്ര ജഡേജ, ജയിസ്‌വാൾ, സൂര്യകുമാർ യാദവ് എന്നിവരെയും ഇന്ത്യ ഏകദിന പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട് എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. മാത്രമല്ല മലയാളി താരം സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ സംബന്ധിച്ച്, വലിയൊരു അവസരം മുൻപിലേക്ക് എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരുപാട് സീനിയർ താരങ്ങളെ പുറത്തിരുത്തി ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുമ്പോൾ സഞ്ജു സാംസന് ടീമിൽ അവസരം ലഭിക്കും എന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. സഞ്ജുവിനെ കൂടാതെ റിങ്കു സിംഗ്, സായി സുദർശൻ എന്നീ താരങ്ങളും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ചിരിക്കുന്നു. ബാംഗ്ലൂരിന്റെ താരം റജത് പട്ടിദർ, ചാഹൽ തുടങ്ങിയവരും ടീമിൽ അംഗങ്ങളാണ്. രോഹിത്തും ഗില്ലും ജയ്സ്വാളും ഇഷാൻ കിഷിനുമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കായി ഋതുരാജാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഋതുരാജിനൊപ്പം സഞ്ജു സാംസണോ സായി സുദർശനോ ഇന്ത്യയുടെ ഓപ്പണറായി എത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സായി സുദർശനെക്കാൾ ഒരുപാട് പരിചയസമ്പന്നതയുള്ള താരമാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ സഞ്ജു പരമ്പരയിൽ ഓപ്പണറായി കളിക്കാനാണ് സാധ്യത. മൂന്നാം നമ്പറിൽ വിരാട് കോഹ്ലിയുടെ അഭാവത്തിൽ തിലക് വർമയാവും ഇന്ത്യക്കായി മൈതാനത്ത് എത്തുക. നാലാം നമ്പറിൽ ശ്രേയസ് അയ്യരും, അഞ്ചാം നമ്പറിൽ കെ എൽ രാഹുലുമാവും കളിക്കുക. ട്വന്റി20 പരമ്പരയിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റിങ്കു ഏകദിന പരമ്പരയിലും ആറാം നമ്പറിൽ കളിക്കും എന്നാണ് കരുതുന്നത്. ഒപ്പം അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നീ സ്പിന്നർമാരും ഏകദിന പരമ്പരയിൽ ഇന്ത്യക്കായി അണിനിരന്നേക്കും.
സഞ്ജു സാംസനെ സംബന്ധിച്ച് വളരെ മികച്ച ഒരു അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ട്വന്റി20 ടീമിലേക്കും ഒരുപക്ഷേ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജു തിരിച്ച് ഫോമിലേക്ക് എത്തേണ്ടതും അത്യാവശ്യം തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിനെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് സ്ഥാനം കണ്ടെത്താൻ സാധിക്കൂ. അങ്ങനെ നോക്കുമ്പോൾ നിലവിലെ സീനിയർ താരങ്ങളുടെ അഭാവം സഞ്ജു സാംസനെ സംബന്ധിച്ച് ഒരു അനുഗ്രഹമാണ്.