പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അർധസെഞ്ച്വറി നേടിയ സൗദി ഷക്കീലിന്റെ ബലത്തിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.
എന്നാൽ മറുപടി ബാറ്റിംഗിൽ ഇത് അനായാസം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. തന്റെ 51ആം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപി. മത്സരത്തിലെ പ്രകടനത്തെപ്പറ്റി മത്സരശേഷം വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി.
പുറത്തുനിന്നുള്ള വിമർശനങ്ങളും ആവേശങ്ങളും കേൾക്കാതെ തന്റേതായ രീതിയിൽ മുന്നോട്ട് പോയതാണ് മത്സരത്തിലെ തന്റെ വിജയരഹസ്യം എന്ന് കോഹ്ലി പറയുകയുണ്ടായി. “സത്യസന്ധമായി പറഞ്ഞാൽ ഇത്തരമൊരു നിർണായകമായ മത്സരത്തിൽ ടീമിനായി എത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഞങ്ങൾ സെമിഫൈനലിലേക്കുള്ള യോഗ്യതയ്ക്കായി കാത്തിരിക്കുകയായിരുന്നു. മത്സരത്തിൽ രോഹിതിന്റെ വിക്കറ്റ് ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി പൂർണമായ ബോധ്യം എനിക്കുണ്ടായിരുന്നു. മധ്യ ഓവറുകളിൽ കൂടുതൽ റിസ്ക് എടുക്കാതെ സ്പിന്നർമാർക്കെതിരെ നിയന്ത്രണം കാട്ടുക എന്നതായിരുന്നു എന്റെ ജോലി.”- കോഹ്ലി പറഞ്ഞു.
“ഈ സമയത്ത് ശ്രേയസ് കൃത്യമായി ബൗണ്ടറികൾ കണ്ടെത്തിയിരുന്നു. അത് എന്നെ സഹായിച്ചു. അതിനാൽ എനിക്കെന്റെ സ്വാഭാവികമായ മത്സരം പുറത്തെടുക്കാൻ കഴിഞ്ഞു. എന്റെ മത്സരത്തിൽ ഒരു കൃത്യമായ ബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ശബ്ദങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ എല്ലായിപ്പോഴും എന്റെ സ്ഥാനത്തുനിന്ന് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ടീമിനായി മുൻപിലേക്ക് വരിക എന്നത് മാത്രമാണ് എന്റെ ജോലിയായി ഞാൻ കണക്കാക്കുന്നത്. മൈതാനത്ത് എന്റെ 100% നൽകുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്താൽ ദൈവം നമുക്ക് ഒപ്പം നിൽക്കുമെന്നും ഞാൻ കരുതുന്നു.”- കോഹ്ലി കൂട്ടിച്ചേർത്തു.
“എല്ലാ കാര്യങ്ങളിലും കൃത്യതയുണ്ടാവുക എന്നത് ഒരു പ്രധാന കാരണമാണ്. എത്ര റൺസാണ് നമുക്ക് വേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വേണം. മാത്രമല്ല ബോളിൽ പേസുള്ള സമയത്ത് റൺസ് കണ്ടെത്താൻ സാധിക്കണം. അല്ലാത്തപക്ഷം സ്പിന്നർമാർ നമുക്കെതിരെ ആക്രമണം അഴിച്ചു വിടും. ഇവിടെ ശുഭ്മാൻ ഗിൽ ഷാഹിൻ അഫ്രീതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.”
”ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്നത് കൊണ്ടാണ് അവൻ ഇപ്പോൾ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററായി നിൽക്കുന്നത്. പവർപ്ലേ ഓവറുകളിൽ 60- 70 റൺസ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. ഇത്തരം മത്സരങ്ങളിൽ അത് വളരെ അനിവാര്യമാണ്. അതിന് ശേഷം നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രേയസും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇനി കുറച്ചു ദിവസം വിശ്രമമുണ്ട് എന്ന കാര്യവും വലിയ ആശ്വാസം നൽകുന്നു.”- കോഹ്ലി പറഞ്ഞു വയ്ക്കുന്നു.