പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 15 പന്തുകളിൽ 20 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത്. എന്നിരുന്നാലും ടീമിന് തരക്കേടില്ലാത്ത തുടക്കം നൽകിയായിരുന്നു രോഹിത് മടങ്ങിയത്. ഈ ഇന്നിങ്സോടെ ഒരു വെടിക്കെട്ട് റെക്കോർഡ് സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 9000 ഏകദിന റൺസ് നേടുന്ന ഓപ്പണർമാരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായി രോഹിത് ശർമ രംഗപ്രവേശം ചെയ്തിരിക്കുന്നു. മുൻ ഇന്ത്യൻ ഓപ്പണർമാരായ സച്ചിനും സൗരവ് ഗാംഗുലിക്കും ശേഷമാണ് രോഹിത് ശർമ ഈ എലൈറ്റ് ക്ലബ്ബിൽ സ്ഥാനം കണ്ടെത്തിയത്.
2011ൽ ആയിരുന്നു രോഹിത് ശർമ ഒരു ഓപ്പണറെന്ന നിലയിൽ തന്റെ യാത്ര ആരംഭിച്ചത്. ശേഷം 2013 ചാമ്പ്യൻസ് ട്രോഫിയോട് കൂടി രോഹിത് ഇന്ത്യയുടെ പ്രധാന ഓപ്പണർമാരിൽ ഒരാളായി മാറി. പിന്നീടുള്ള വർഷങ്ങളിൽ ഓപ്പണിങ്ങിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച രോഹിതിനെ ഇന്ത്യയ്ക്ക് മാറ്റിനിർത്താൻ സാധിക്കുമായിരുന്നില്ല.
ഇന്ത്യയുടെ 2019ലെയും 2023ലെയും ലോകകപ്പുകളിൽ ഓപ്പണിങ്ങിലെ നിറസാന്നിധ്യമായി രോഹിത് ശർമ മാറി. 2023 ലോകകപ്പിൽ എല്ലാ മത്സരത്തിലും മികച്ച തുടക്കം തന്നെയാണ് രോഹിത് ഇന്ത്യക്ക് നൽകിയത്. ടൂർണമെന്റിൽ 597 റൺസ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു. ഇതിനൊക്കെയും ശേഷമാണ് രോഹിത് ഇപ്പോൾ ഓപ്പണറെന്ന നിലയിൽ ഏകദിനങ്ങളിൽ 9000 റൺസ് പിന്നിട്ടത്.
181 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ശർമ ഈ നേട്ടം സ്വന്തമാക്കിയത്. 30 സെഞ്ച്വറികൾ ഇതിനിടെ സ്വന്തമാക്കാനും ഇന്ത്യൻ നായകന് സാധിച്ചു. ഏറ്റവുമധികം ഏകദിന റൺസ് സ്വന്തമാക്കിയ ഓപ്പണർമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറാണ്. തന്റെ ഏകദിന കരിയറിൽ 344 മത്സരങ്ങളിൽ നിന്ന് 15,310 റൺസ് ആണ് സച്ചിൻ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 12740 റൺസായിരുന്നു ജയസൂര്യയുടെ ഏകദിന കരിയറിലെ സമ്പാദ്യം.
വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ശേഷം ഓസ്ട്രേലിയയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റ് 9200 റൺസുമായി ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. ശേഷമാണ് ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലി ഈ ക്ലബ്ബിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. 242 മത്സരങ്ങൾ ഇന്ത്യക്കായി ഏകദിനങ്ങളിൽ കളിച്ച ഗാംഗുലി 9146 റൺസായിരുന്നു ഓപ്പണറായി കണ്ടെത്തിയത്. ശേഷമാണ് ഇപ്പോൾ 181 ഇന്നിങ്സുകളിൽ നിന്ന് രോഹിത് ശർമ 9000 റൺസ് പൂർത്തീകരിച്ചത്.



