ലോക ക്രിക്കറ്റിൽ എന്നെന്നും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് ഗൗതം ഗംഭീർ. നിലവിൽ ലോക ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കളിക്കളത്തിൽ ഗംഭീറീന്റെ സാന്നിധ്യമുണ്ട്. പല സമയത്തും അതി വൈകാരികമായി പെരുമാറുന്ന ഗംഭീറിനെയാണ് കാണാൻ സാധിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും ഗംഭീറിന്റെ രോക്ഷത്തിന് ഉദാഹരണമുണ്ടായിരുന്നു.
അന്ന് ഗംഭീറിന്റെ ടീമംഗമായ നവീൻ ഉൾ ഹക്കുമായി ബാംഗ്ലൂർ സൂപ്പർ താരം കോഹ്ലി വാക്പൊരിൽ ഏർപ്പെട്ടിരുന്നു. ഗൗതം ഗംഭീർ അതിൽ ഇടപെടുകയും പ്രശ്നം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. ഇതേ സംബന്ധിച്ചാണ് ഗംഭീർ ഇപ്പോൾ സംസാരിക്കുന്നത്. താൻ മെന്റർ ആയിരിക്കുന്ന ടീമിലെ താരങ്ങൾക്കെതിരെ ആരു വന്നാലും താൻ അത് ചോദ്യം ചെയ്യും എന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.
മത്സരം മൈതാനത്ത് നടക്കുന്ന സമയത്ത് മെന്ററായ തനിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലന്ന് പൂർണ്ണ ബോധ്യമുണ്ട് എന്ന് ഗംഭീർ പറയുന്നു. എന്നാൽ മത്സരം അവസാനിച്ച ശേഷം ഇതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യും എന്നാണ് ഗംഭീർ പറയുന്നത്. “ഒരു മെന്റർ എന്ന നിലയ്ക്ക് എന്റെ താരങ്ങൾക്കെതിരെ ഇത്തരത്തിൽ രോക്ഷം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടു നിൽക്കില്ല. വളരെ വ്യത്യസ്തമായ ഒരു വിശ്വാസമാണ് എനിക്കുള്ളത്. മത്സരം നടക്കുന്ന സമയത്ത് എനിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ഒരു അവകാശവുമില്ല. പക്ഷേ മത്സരം അവസാനിച്ച ശേഷം ആരെങ്കിലും എന്റെ കളിക്കാരുമായി രൂക്ഷമായ വാക്പോരിൽ ഏർപ്പെടുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്.”- ഗംഭീർ പറഞ്ഞു.
“നവീൻ ഉൾ ഹക്ക് മാത്രമല്ല, ടീമിലെ ഏത് കളിക്കാരനാണെങ്കിലും ഞാൻ ഇത്തരത്തിൽ തന്നെ പ്രതിരോധിക്കും. അതാണ് എന്റെ പ്രധാന ജോലി. അങ്ങനെയാണ് ഞാൻ ചെയ്യാറുള്ളത്. ഒരു ബ്രോഡ്കാസ്റ്റർ മറ്റൊരു താരത്തിനു വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ, ഞാൻ എന്റെ കളിക്കാരനെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയയിൽ കൂടുതൽ സാന്നിധ്യമുള്ള ഒരാൾക്ക് മറ്റൊരാളുടെ മേൽ തട്ടിക്കയറാൻ അവകാശമൊന്നുമില്ല. എന്റെ കളിക്കാർക്കൊപ്പം ഇത്തരം സാഹചര്യങ്ങളിൽ നിൽക്കാൻ സാധിക്കില്ലെങ്കിൽ, ഞാൻ അവിടെ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്നതുകൊണ്ട് അർത്ഥമൊന്നുമില്ല.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം കോഹ്ലിയും നവീൻ ഉൾ ഹക്കും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയുണ്ടായി. ലോകകപ്പിലെ ഇന്ത്യയുടെ അഫ്ഗാനിസ്ഥനെതിരായ മത്സരത്തിനിടെ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും പ്രശ്നങ്ങൾക്ക് അവസാനം കുറിക്കുകയും ചെയ്തിരുന്നു. ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് വലിയ പിന്തുണ തന്നെയാണ് നവീൻ ഉൾ ഹക്കിന് ലഭിച്ചിട്ടുള്ളത്. പലപ്പോഴും ഇന്ത്യൻ മണ്ണിൽ കളിക്കാൻ ഇറങ്ങുമ്പോൾ നാട്ടിൽ കളിക്കുന്ന വികാരം തന്നെയാണ് തങ്ങൾക്കുള്ളത് എന്നും നവീൻ പറയുകയുണ്ടായി.