ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് തന്നെയായിരുന്നു ശിവം ദുബെ കാഴ്ചവച്ചത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു.
23 പന്തുകൾ നേരിട്ട ദുബെ 51 റൺസാണ് മത്സരത്തിൽ നേടിയത്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിനെ വളരെയധികം സഹായിക്കുകയും ചെയ്തു. മത്സരത്തിലെ ദുബയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ പേസർ മോഹിത് ശർമ. കഴിഞ്ഞ സമയങ്ങളിൽ ശിവം ദുബെയിൽ ഒരുപാട് പുരോഗതികൾ ഉണ്ടായിട്ടുണ്ട് എന്നും, അത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ഗുണം ചെയ്യുമെന്നുമാണ് മോഹിത് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി നിർണായകമായ പ്രകടനങ്ങളായിരുന്നു ശിവം ദുബെ കാഴ്ചവച്ചത്. ഇത്തവണയും മികച്ച തുടക്കമാണ് ദുബയ്ക്ക് ലഭിച്ചിരിക്കുന്നത്. “കഴിഞ്ഞ കുറച്ച് സീസണുകളിലായി ദുബെ വളരെയധികം പുരോഗതികൾ തന്റെ ബാറ്റിംഗിൽ കൈവരിക്കുകയുണ്ടായി. അത് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. കുറച്ചുകൂടി വലുതായി കാണുകയാണെങ്കിൽ, അത് ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യും. കാരണം ഇനി വലിയ ടൂർണമെന്റുകൾ വരാനിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചും ദുബെയുടെ ഈ പ്രകടനം വളരെ നല്ലതാണ്.”- മോഹിത് ശർമ പറഞ്ഞു.
ഒപ്പം ദുബെയുടെ മൈതാനത്തെ വ്യക്തതകളെ പറ്റിയും മോഹിത് ശർമ വാചാലനായി. “വളരെ മികച്ച രീതിയിൽ ബാറ്റിംഗ് ചെയ്യാൻ ദുബെയ്ക്ക് സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന പന്തുകളെ പറ്റി നല്ല വ്യക്തതയും ദുബെയ്ക്കുണ്ട്. അടുത്ത പന്തിൽ യോർക്കർ വരുമോ സ്ലോ ബൗൾസർ വരുമോ എന്ന് കൃത്യമായി അവന് മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും സാധിക്കുന്നു. ഞങ്ങൾ മൈതാനത്ത് സംസാരിച്ചിരുന്നു.”
“എന്റെ വേരിയേഷനുകളിൽ മൈതാനത്തിന്റെ വലിയ ഭാഗത്തേക്ക് സിക്സറുകൾ സ്വന്തമാക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ് എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നാൽ അവന് അക്കാര്യത്തിൽ വലിയ വ്യക്തത ഉണ്ടായിരുന്നു. അങ്ങനെ വേരിയേഷനുകളുള്ള ബോളിനെ എങ്ങനെ നേരിടണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അവന് നല്ല വ്യക്തതയുണ്ട്. അത്തരമൊരു മാനസിക നിലവാരമാണ് നമുക്ക് ആവശ്യം.”- മോഹിത് കൂട്ടിച്ചേർത്തു.
“ഈ സീസണിൽ അവൻ ഇതുവരെ ബാറ്റ് ചെയ്ത രീതിയും ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതിയും വളരെ പ്രതീക്ഷ നൽകുന്നു. ഭാവിയിൽ വലിയൊരു താരമായി മാറാൻ ദുബെയ്ക്ക് സാധിക്കും. അവൻ ഏത് ടീമിനെ പ്രതിനിധാനം ചെയ്താലും അവന് അത് ഗുണമായി മാറും.”- മോഹിത് പറഞ്ഞു വയ്ക്കുന്നു. 2024ൽ ട്വന്റി20 ലോകകപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ ദുബെയുടെ ഈ മികച്ച പ്രകടനം ഇന്ത്യൻ ടീമിനെ സംബന്ധിച്ചും വളരെ നിർണായകമാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ വന്നതിന് ശേഷമാണ് ഇത്ര മികച്ച പ്രകടനങ്ങൾ ദുബെയിൽ നിന്ന് ഉണ്ടാകുന്നത്.