ഈ പിച്ചിൽ കളി മൂന്നാം ദിനം അവസാനിക്കുമോ :ഉത്തരം നൽകി പിച്ച് ക്യൂറേറ്റർ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ്‌ പരമ്പരക്ക്‌ കാൻപൂരിലെ ടെസ്റ്റ്‌ മത്സരത്തോടെ തുടക്കം കുറിക്കുമ്പോൾ എല്ലാ ശ്രദ്ധയും മത്സരത്തിനായി തയ്യാറാക്കിയിട്ടുള്ള പിച്ചിലാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ മറ്റൊരു അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരം കൂടി നടക്കുമ്പോൾ പിച്ച് എപ്രകാരമുള്ളത് എന്നുള്ള ചർച്ചകൾ സജീവമാണ്.ഏറെ കാലമായി ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരങ്ങൾ എല്ലാം മൂന്നാം ദിനവും നാലാം ദിനവും അവസാനിക്കാറുണ്ട്. ഈ ഒരു വിമർശനത്തിന് ഒരിക്കൽ കൂടി കാൻപൂരിലെ പിച്ച് അവസരം നൽകുമോ എന്നതാണ് പ്രധാന ചോദ്യം.

പതിവ് ശൈലിയിൽ തന്നെ സ്പിന്നർമാർ അധിപത്യം സ്ഥാപിക്കുന്ന ഒരു പിച്ച് തന്നെയാകും കിവീസിന് എതിരെ ആദ്യ ടെസ്റ്റിൽ ഒരുങ്ങുന്നതെന്നുള്ള എല്ലാ സൂചനകളും നൽകുകയാണ് പിച്ച് ക്യൂറേറ്ററായ ശിവ് കുമാർ. ഈ ഒരു പിച്ച് രണ്ടാം ദിനത്തിൽ തന്നെ സ്പിന്നർമാരെ പിന്തുണക്കുമെന്നാണ് അദേഹത്തിന്റെ വാക്കുകൾ.ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അശ്വിൻ, ജഡേജ എന്നിവർക്ക്‌ പുറമേ മികച്ച ഫോമിലുള്ള അക്ഷർ പട്ടേൽ കൂടി സ്ഥാനം നേടും. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ താരം 27 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യൻ സ്പിന്നർമാർ പതിവ് പോലെ മികവ് ആവർത്തിച്ചാൽ കിവീസിന് കാര്യങ്ങൾ എളുപ്പമാകില്ല.

“എല്ലാ ബഹുമാനത്തിലും പറയട്ടെ എത് തരത്തിലുള്ള പിച്ച് സൃഷ്ടിക്കണമെന്നുള്ള കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. സ്പിൻ ബൗളർമാർക്ക് പിച്ചിൽ നിന്നും രണ്ടാം ദിനം മുതൽ സപ്പോർട്ട് ലഭിക്കും. അടുത്ത കാലത്ത് എല്ലാം ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരങ്ങൾ മൂന്നാമത്തെ ദിനം അവസാനിക്കാറുണ്ട്. എന്നാൽ ഈ പിച്ചിൽ അങ്ങനെ സംഭവിക്കില്ല. മഞ്ഞ് കാലയളവായതിനാൽ പേസർമാർക്ക് ഈർപ്പത്തിന്റെ അനുകൂല്യം ഇവിടെ നിന്നും ലഭിക്കും “ക്യൂറേറ്റർ പറഞ്ഞു