ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ പരാജയമറിഞ്ഞതോടെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ടീമിനെതിരെ പരിഹാസ വർഷം ചൊരിഞ്ഞ് പാക്കിസ്ഥാൻ ആരാധകർ രംഗത്തെത്തിയത്. മത്സരത്തിൽ ഓസ്ട്രേലിയയോടേറ്റ ദയനീയ പരാജയത്തിന് ഇന്ത്യയെ ട്രോളുകളാൽ പൊതിഞ്ഞാണ് പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നത്. തങ്ങൾ വലിയ സന്തോഷത്തിലാണെന്നും ഇതിലും വലിയൊരു സമ്മാനം തങ്ങൾക്ക് ലഭിക്കാനില്ല എന്നുമാണ് ചില പാക്കിസ്ഥാൻ ആരാധകർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. ഇതൊക്കെയും ചെറിയ സമയത്തിനുള്ളിൽ തന്നെ വലിയ ശ്രദ്ധ നേടുകയും ചെയ്തു.
തങ്ങൾ തങ്ങളുടെ പ്രധാനമന്ത്രിക്ക് മുൻപിൽ പരാജയപ്പെട്ടിട്ടില്ല, എന്നാൽ ഇന്ത്യ അത്തരമൊരു നാണക്കേടും സഹിക്കേണ്ടി വന്നു എന്നാണ് ചില പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ പരിഹസിക്കുന്നത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ആരാധകർ ഇത്തരമൊരു പരിഹാസം നടത്തിയിരിക്കുന്നത്.
ഫൈനൽ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ അവസ്ഥ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നും ചില പാക്കിസ്ഥാൻ ആരാധകർ കുറിക്കുന്നു. “നിങ്ങളുടെ ഞായറാഴ്ച എങ്ങനെയുണ്ട്? ഇവിടെ ഞങ്ങൾ വലിയ സന്തോഷത്തിലാണ്” എന്നും ഒരു പാക്കിസ്ഥാൻ ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
“ലോകകപ്പ് ഫൈനലിന് ശേഷം ഡ്രസിങ് റൂമിൽ കരഞ്ഞുകൊണ്ടിരുന്ന ഇന്ത്യൻ താരങ്ങളുടെ മുഖം കണ്ടപ്പോൾ തങ്ങൾക്ക് അതിയായ സന്തോഷം തോന്നി” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. “ഫൈനലിൽ ഇന്ത്യക്കേറ്റ പരാജയം ടൂർണമെന്റിലുടനീളം കാട്ടിയ കള്ളത്തരങ്ങൾക്കുള്ള ശിക്ഷയാണ്” എന്നും ഒരു ആരാധകൻ പറയുന്നു. ഫൈനൽ മത്സരത്തിൽ ഇന്ത്യ പിച്ചിൽ കള്ളത്തരം കാട്ടാൻ ശ്രമിച്ചന്നും ഇത് ദയനീയമായി പരാജയപ്പെട്ടുവെന്നും മറ്റൊരു ആരാധകൻ പറഞ്ഞു. ഇതിനൊപ്പം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻസിനെ പുകഴ്ത്തിയും ചില ആരാധകർ രംഗത്തെത്തിയിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യൻ ആരാധകരെ ഗ്യാലറിയിൽ നിശബ്ദരാക്കിയിരുത്താൻ കമ്മിൻസിന് സാധിച്ചുവെന്നും, അതൊരു വലിയ സന്തോഷമാണെന്നും ചില പാക്കിസ്ഥാൻ ആരാധകർ കുറിക്കുന്നു.
ഇത്തരത്തിൽ ഒരുപാട് പരിഹാസങ്ങളുമായാണ് പാകിസ്ഥാൻ ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. മുൻപ് ലോകകപ്പിന്റെ സെമിഫൈനൽ മത്സരം പോലും കാണാതെ പാക്കിസ്ഥാൻ അതിദയനീയമായി പുറത്തായിരുന്നു. അഫ്ഗാനിസ്ഥാൻ അടക്കമുള്ള ടീമുകളോട് ദയനീയമായ പരാജയം ഏറ്റുവാങ്ങിയാണ് പാകിസ്ഥാൻ പുറത്തായത്. ഇതിന് ശേഷം ഒരുപാട് ആരോപണങ്ങളാണ് മുൻ പാക്കിസ്ഥാൻ ആരാധകരടക്കം ഇന്ത്യക്കെതിരെ പുറത്തെടുത്തത്. എന്തായാലും ഇന്ത്യയുടെ ഫൈനലിലെ പരാജയം പാക്കിസ്ഥാൻ ആരാധകർക്ക് വലിയ രീതിയിൽ സന്തോഷം നൽകിയിട്ടുണ്ട്.