ബെസ്റ്റ് ടീമാണ് ലോകകപ്പ് കിരീടം ചൂടിയതെന്ന് തോന്നുന്നില്ല. രോഹിതിന് സല്യൂട്ട് നൽകി മുഹമ്മദ്‌ കൈഫ്‌.

india 2023

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെ അവിചാരിതമായ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടൂർണമെന്റിലെ മികച്ച ടീം ഇന്ത്യ തന്നെയായിരുന്നുവെന്നും, അതിനാൽ മികച്ച ടീമിനാണ് ഇത്തവണ കിരീടം ലഭിച്ചതെന്ന് താൻ വിശ്വസിക്കുന്നില്ലയെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.

ഒപ്പം ടൂർണമെന്റിലുടനീളം ഇന്ത്യൻ നായകൻ രോഹിത് ശർമ പുറത്തെടുത്ത പ്രകടനത്തെയും അഭിനന്ദിച്ചു കൊണ്ടാണ് മുഹമ്മദ് കൈഫ് സംസാരിച്ചത്. 2003ലെ ഏകദിന ലോകകപ്പ് നഷ്ടമായപ്പോൾ തങ്ങൾക്ക് ഹൃദയഭേദകമായ വികാരമാണ് ഉണ്ടായതെന്നും മുഹമ്മദ് കൈഫ് പറഞ്ഞു. അതുതന്നെയാവും രോഹിത് ശർമയും ഇപ്പോഴും അനുഭവിക്കുന്നത് എന്നാണ് കൈഫ് കരുതുന്നത്. എന്തായാലും ഇതിൽ നിന്ന് രോഹിത് ശർമ മുൻപിലേക്ക് പോവണമെന്ന് ആവശ്യപ്പെടുകയാണ് കൈഫ്.

“ആദ്യം ഞാൻ ഓസ്ട്രേലിയൻ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. എന്നിരുന്നാലും ഈ ലോകകപ്പിൽ ഏറ്റവും മികച്ച ടീമാണ് കിരീടമുയർത്തിയത് എന്നത് ഞാൻ അംഗീകരിക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ടീം തന്നെയായിരുന്നു മൈതാനത്ത് ഇറങ്ങിയത്. ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഈ ഓസ്ട്രേലിയൻ ടീമിനെതിരെ പലതവണ വിജയം സ്വന്തമാക്കാൻ ഇത്രയും ശക്തമായ ഇന്ത്യൻ ടീമിന് സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു മോശം ദിവസം മാത്രമായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ചില സമയങ്ങളിൽ സംഭവിക്കാറുണ്ട്.”- മുഹമ്മദ് കൈഫ് പറയുന്നു.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

“2003 ലോകകപ്പ് ഫൈനലിൽ ഞാനും ഇന്ത്യൻ ടീമിന്റെ ഒരു ഭാഗമായിരുന്നു. അന്ന് റിക്കി പോണ്ടിംഗ് ഒരു സെഞ്ച്വറി നേടുകയുണ്ടായി. ഞങ്ങളെ സംബന്ധിച്ച് ആ മത്സരത്തിലെ ബലം ഹൃദയഭേദകമായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ശർമയുടെ ഇപ്പോഴത്തെ മനോഭാവം എനിക്ക് മനസ്സിലാവും. അവന്റെ നേതൃത്വത്തിൽ ഏറ്റവും ശക്തമായ ടീമാണ് ടൂർണമെന്റിനായി അണിനിരന്നത് എന്ന് രോഹിത്തിന് അറിയാം.”

” ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്കറിയില്ല. എന്നിരുന്നാലും നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും, 2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന്. 2023 ഏകദിന ലോകകപ്പിലെ രോഹിത് ശർമയുടെ പ്രകടനത്തിന് എന്റെ വലിയൊരു സല്യൂട്ട്.”- കൈഫ് കൂട്ടിച്ചേർത്തു.

തങ്ങളുടെ മൂന്നാം ഏകദിന ലോകകപ്പ് കിരീടം സ്വപ്നം കണ്ടായിരുന്നു ഇന്ത്യ ഫൈനൽ മത്സരത്തിനായി മൈതാനത്ത് ഇറങ്ങിയത്. എന്നാൽ മത്സരത്തിൽ പൂർണമായും ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ബോളിംഗ്, ഫീൽഡിങ്, ബാറ്റിംഗ് എന്നീ മേഖലകളിൽ കൃത്യമായ ആധിപത്യം ഇന്ത്യയ്ക്കെതിരെ നേടിയാണ് ഓസ്ട്രേലിയ മത്സരത്തിൽ വിജയം കണ്ടത്. ഈ വിജയത്തോടെ ഓസ്ട്രേലിയക്ക് തങ്ങളുടെ ഏകദിന കരിയറിലെ ആറാം കിരീടം സ്വന്തമാക്കാൻ സാധിച്ചു. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശ തന്നെയാണ് ഉണ്ടായിരിക്കുന്നത്.

Scroll to Top