“കോഹ്ലിയാണ് ലോകത്തിലെ ബെസ്റ്റ് ക്രിക്കറ്റർ, സംശയമില്ല”. ബ്രറ്റ് ലീയുടെ വൈറൽ പരാമർശം.

virat kohli 2023 scaled

2023 ഏകദിന ലോകകപ്പിൽ  ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർ വിരാട് കോഹ്ലിയാണ്. ടൂർണമെന്റിൽ 11 മത്സരങ്ങൾ കളിച്ച കോഹ്ലി 765 റൺസാണ് നേടിയത്. ലോകകപ്പ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനായാണ് വിരാട് കോഹ്ലി ഫിനിഷ് ചെയ്തത്. മാത്രമല്ല ടൂർണമെന്റിലെ താരമായും കോഹ്ലിയെ തിരഞ്ഞെടുക്കുകയുണ്ടായി.

ഇതിന് ശേഷം കോഹ്ലിയെപ്പറ്റി വലിയൊരു പ്രസ്താവനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രറ്റ് ലീ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർ വിരാട് കോഹ്ലിയാണ് എന്ന് ബ്രറ്റ് ലീ പറയുകയുണ്ടായി. അതിന്റെ തെളിവാണ് വിരാട് കോഹ്ലിയുടെ നമ്പരുകൾ എന്ന് ബ്രറ്റ് ലീ ചൂണ്ടിക്കാണിക്കുന്നു.

95.62 ശരാശരിയിലായിരുന്നു കോഹ്ലി ഏകദിന ലോകകപ്പിൽ വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ടൂർണമെന്റിൽ 3 സെഞ്ച്വറികളും 6 അർധസെഞ്ച്വറികളും സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. ഇതിനുശേഷമാണ് കോഹ്ലിയെ പ്രശംസിച്ചു കൊണ്ട് ബ്രറ്റ് ലീ രംഗത്തെത്തിയത്. ഫോക്സ് ക്രിക്കറ്റിന്റെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഓസ്ട്രേലിയൻ പേസർ. “കോഹ്ലി ഏകദിന ക്രിക്കറ്റിലെ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരമായി മാറി. അതിനാൽ തന്നെ നമുക്ക് കോഹ്ലിയുടെ കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. ഞാൻ എല്ലായിപ്പോഴും സച്ചിൻ ടെണ്ടുൽക്കറുടെ വലിയൊരു ആരാധകനാണ്. അദ്ദേഹവുമായുള്ള സൗഹൃദവും അദ്ദേഹം കളിക്കുന്ന രീതിയും ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്.”- ബ്രറ്റ് ലീ പറയുന്നു.

Read Also -  "രോഹിതിനെയോ ബുംറയെയോ ഞങ്ങൾക്ക് ഭയമില്ല. പേടിയുള്ളത് മറ്റൊരു കാര്യം"- ലിറ്റണ്‍ ദാസ്.

“എന്നാൽ കോഹ്ലി സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം എത്തുകയും, അത് മറികടക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘ഞാൻ എന്റെ ഹീറോയെ അനുകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്’. ഇതാണ് കോഹ്ലിയുടെ മനസ്സ്. അയാളുടെ ഉള്ളിൽ എപ്പോഴും ഇത്തരം നല്ല ചിന്താഗതികളുണ്ട്. തന്റെ ഗുരുക്കളെ ഏറ്റവും നന്നായ രീതിയിൽ ബഹുമാനിക്കാൻ കോഹ്ലിക്ക് സാധിക്കുന്നുണ്ട്. മൈതാനത്ത് മാത്രമല്ല മൈതാനത്തിന് പുറത്തും കൃത്യമായി സാന്നിധ്യമുണ്ടാക്കാനും കോഹ്ലിക്ക് സാധിക്കുന്നു. ഞാൻ കോഹ്ലിയോടൊപ്പം സമയം ചിലവഴിച്ചപ്പോഴൊക്കെയും വലിയ സന്തോഷവാനായിരുന്നു.”- ബ്രറ്റ് ലീ കൂട്ടിച്ചേർത്തു.

“കോഹ്ലി ഒരു അവിസ്മരണീയ ക്രിക്കറ്റർ തന്നെയാണ്. എപ്പോഴും കോഹ്ലിക്ക് ഉള്ളിലൊരു ആത്മവിശ്വാസമുണ്ട്. ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റർ തന്നെയാണ് കോഹ്ലി. അയാളുടെ കണക്കുകൾ തെളിയിക്കുന്നത് അതാണ്.”- ബ്രറ്റ് ലീ പറഞ്ഞു വെക്കുന്നു. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചില്ല. അതുമാത്രമാണ് വിരാട് കോഹ്ലിക്ക് ഈ ടൂർണമെന്റിലുള്ള നിരാശ. ബാക്കിയെല്ലാ മേഖലകളിലും തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. വരുന്ന ലോകകപ്പിലും കോഹ്ലിക്ക് കളിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top