ഈ തോൽവി അംഗീകരിക്കാനാവില്ല. ഇന്ത്യ പിഴവ് കണ്ടെത്തി പരിഹരിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങൾ ഇന്ത്യൻ ടീമിനെതിരെ ഉയരുന്നുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്കേറ്റ പരാജയത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.ഇന്ത്യൻ മണ്ണിൽ 3-0ന് ടെസ്റ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നാണ് സച്ചിൻ പറഞ്ഞത്. ഇതിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഇതിഹാസ താരം കൂട്ടിച്ചേർത്തു.

ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും പരാജയമറിയുക എന്നത് ഒരിക്കലും താൻ അംഗീകരിക്കില്ല എന്നാണ് സച്ചിൻ പറയുന്നത്. അതുകൊണ്ടു തന്നെ ടീം ഇത് ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്ന് സച്ചിൻ കൂട്ടിച്ചേർക്കുകയുണ്ടായി. “ഇത് തയ്യാറെടുപ്പിന്റെ കുറവുകൊണ്ട് ഉണ്ടായതാണോ? അതോ മോശം ഷോട്ട് സെലക്ഷനാണോ ഇന്ത്യയെ ബാധിച്ചത്? പരിശീലനത്തിന്റെ കുറവും ഇത്തരമൊരു പരാജയത്തിന് കാരണമാണോ? മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനമായിരുന്നു ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. ഋഷഭ് പന്ത് 2 ഇന്നിംഗ്സുകളിലും മികവ് പുലർത്തുകയുണ്ടായി. മറ്റു ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ പന്തിന്റെ ഫുട് വർക്ക് വളരെ വ്യത്യസ്തമായിരുന്നു. അവൻ മികച്ചൊരു താരം തന്നെയാണ്.”- സച്ചിൻ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കുറിച്ചു.

ഇന്ത്യക്കെതിരായ പരമ്പരയിലെ വിജയത്തിന്റെ മുഴുവൻ അഭിനന്ദനവും ന്യൂസിലാൻഡ് അർഹിക്കുന്നുണ്ട് എന്ന് സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർക്കുകയുണ്ടായി. പരമ്പരയിലൂടനീളം സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കിവി ടീമിന് സാധിച്ചു എന്നാണ് സച്ചിൻ കരുതുന്നത്. 3-0 എന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ കഴിയുന്നത് വലിയൊരു നേട്ടം തന്നെയാണ് എന്ന് സച്ചിൻ കൂട്ടിച്ചേർക്കുകയുണ്ടായി. പൂർണ്ണമായും ന്യൂസിലാൻഡ് ടീമിനെ പ്രശംസിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ സംസാരിച്ചത്.

24 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ തങ്ങളുടെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ ഒരു സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങുന്നത്. 2000ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇതിന് മുമ്പ് പൂർണമായ പരാജയം നേരിട്ടത്. 2-0 എന്ന നിലയിലാണ് ആ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായത്. അതിന് ശേഷം മികച്ച പ്രകടനങ്ങളാണ് പല നായകന്മാരുടെ കീഴിലും ഇന്ത്യൻ ടീം കാഴ്ചവെച്ചത്. പക്ഷേ ന്യൂസിലാൻഡിനെതിരെ നേരിട്ട ഈ പരാജയം ഇന്ത്യയെ വലിയ രീതിയിൽ പിന്നോട്ടടിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളും തുലാസിലാണ്.

Previous articleജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.
Next article“ഇത്തവണ കൊൽക്കത്ത നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ കരഞ്ഞുപോയി”- അയ്യർ പറയുന്നു.