2024 ഐപിഎല്ലിൽ വളരെ മികച്ച തുടക്കം തന്നെയാണ് മലയാളി താരം സഞ്ജു സാംസണിന് ലഭിച്ചിരിക്കുന്നത്. ലീഗിലെ രാജസ്ഥാന്റെ 5 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 3 മത്സരങ്ങളിലും അർത്ഥ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. മാത്രമല്ല രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ ഇന്നിങ്സാണ് സഞ്ജു കളിച്ചിട്ടുള്ളത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 38 പന്തുകളിൽ 68 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു പ്രവചനം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. ഈ ഐപിഎല്ലിൽ സഞ്ജു പൂർണമായും ബാറ്റിംഗിൽ ശോഭിക്കും എന്നാണ് സഞ്ജു പറഞ്ഞിരിക്കുന്നത്.
ബാംഗ്ലൂരിനെതിരായ രാജസ്ഥാന്റെ മത്സരത്തിന് ശേഷമാണ് വാട്സൺ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. “സഞ്ജുവിനെ സംബന്ധിച്ച് ശാന്തതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തന്റെതായ രീതിയിൽ റൺസ് കണ്ടെത്താനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ആദ്യ 10 ബോളുകളിൽ തന്നെ 130ന് മുകളിൽ സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കുന്നു. അതിനർത്ഥം ആദ്യ 10 ബോളുകളിൽ സഞ്ജു സിംഗിളുകൾ നേടാനല്ല ശ്രമിക്കുന്നത് എന്നതാണ്. പലപ്പോഴും ബോളറുടെ കയ്യിൽ നിന്ന് മോശം പന്തുകൾ വരാനായി സഞ്ജു കാത്തിരിക്കാറുണ്ട്. അങ്ങനെ മോശം പന്തുകൾ വരുന്ന സാഹചര്യത്തിൽ അനായാസം അത് അടിച്ചകറ്റാനും സഞ്ജുവിന് സാധിക്കുന്നു. കാരണം അത്ര മികച്ച പ്രതിഭയാണ് സഞ്ജു സാംസൺ.”- വാട്സൺ പറയുന്നു.
“ഒരു ബോളർ ചെറിയൊരു മോശം പന്തറിഞ്ഞാൽ പോലും സഞ്ജുവിനെ അത് അടിച്ചുകറ്റാൻ സാധിക്കും. കാരണം അത്രമാത്രം ഷോട്ടുകൾ സഞ്ജുവിന്റെ ബുക്കിലുണ്ട്. എല്ലായിപ്പോഴും പൂർണ്ണ സ്വാതന്ത്രത്തോടെ ഈ ഷോട്ടുകൾ കളിക്കാനും സഞ്ജു സാംസണിന് സാധിക്കാറുണ്ട്. മാത്രമല്ല എല്ലായിപ്പോഴും സഞ്ജുവിൽ നമുക്ക് ഒരു ശാന്തത കാണാൻ സാധിക്കും. ഓരോ മത്സരം കഴിയുമ്പോഴും അവന്റെ ശാന്തത തുടരുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇത് വളരെ വിജയകരമായ ഒരു ടൂർണ്ണമെന്റ് തന്നെയായിരിക്കും. മാത്രമല്ല സഞ്ജുവിന് ഒരു ദൈർഘമേറിയ ഐപിഎൽ കരിയർ ഉണ്ടാകുമെന്നും ഞാൻ കരുതുന്നു. ഒപ്പം ഈ വർഷം സഞ്ജു ഐപിഎല്ലിൽ ബാറ്റിംഗിൽ വലിയ വിജയമായി മാറുമെന്ന് ഞാൻ പ്രവചിക്കുകയാണ്.”- വാട്സൺ കൂട്ടിച്ചേർത്തു.
2024 ഐപിഎല്ലിലെ ഓറഞ്ച് ക്യാപിനായുള്ള റേസിൽ നാലാം സ്ഥാനത്താണ് സഞ്ജു സാംസൺ. ഇതുവരെ 5 മത്സരങ്ങളാണ് രാജസ്ഥാനായി സഞ്ജു ഈ സീസണിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 82 റൺസ് ശരാശരിയിൽ 246 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
157.69 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റാണ് സഞ്ജു സാംസണ് ഉള്ളത്. ഗുജറാത്തിനെതിരായ മത്സരത്തിലും തകർന്നുവീണ രാജസ്ഥാനെ കൈപിടിച്ചു കയറ്റാൻ സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനത്തിന് സാധിച്ചിരുന്നു. ഇത്തരം പ്രകടനങ്ങൾ ഇനിയും ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിന് അനായാസം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കും.
Home Cricket