രാജസ്ഥാൻ റോയൽസിന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെതീരായ വമ്പൻ വിജയത്തിൽ സഞ്ജുവിനൊപ്പം പ്രധാന റോൾ വഹിച്ച താരമാണ് മധ്യനിര ബാറ്റർ ധ്രുവ് ജൂറലും. മത്സരത്തിൽ സഞ്ജു സാംസൺ 33 പന്തുകളിൽ 71 റൺസുമായി വമ്പൻ പോരാട്ടം നയിച്ചപ്പോൾ, മറുവശത്ത് ജൂറലും രാജസ്ഥാന്റെ കാവലാളായി മാറിയിരുന്നു.
മത്സരത്തിൽ 34 പന്തുകളിൽ നിന്ന് 52 റൺസായിരുന്നു ജൂറലിന്റെ സമ്പാദ്യം. 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ജൂറലിന്റെ ഇന്നിങ്സ്. മത്സരത്തിലെ ഈ വമ്പൻ പ്രകടനത്തെപ്പറ്റി ജൂറൽ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ തനിക്ക് പ്രതിസന്ധി ഘട്ടമുണ്ടായപ്പോൾ സഞ്ജു സാംസന്റെ ഉപദേശമാണ് സഹായകരമായി മാറിയത് എന്ന് ജൂറൽ പറഞ്ഞു. “ബാറ്റിംഗിൽ എനിക്ക് എപ്പോൾ അവസരം കിട്ടിയാലും മത്സരം ഫിനിഷ് ചെയ്യണം എന്നതായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. മധ്യനിരയിൽ കളിക്കാൻ സാധിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു അനുഗ്രഹം തന്നെയാണ്. മത്സരത്തിന്റെ അവസാനം വരെ ക്രീസിൽ തുടർന്ന് എന്റെ ടീമിനായി വിജയം സ്വന്തമാക്കുക എന്നതാണ് എന്റെ വലിയ ലക്ഷ്യം. അതിനായി ഞാൻ ഒരുപാട് പരിശീലനങ്ങളും ചെയ്തിരുന്നു.”- ജൂറൽ പറഞ്ഞു.
“ബാറ്റിംഗിൽ പവർപ്ലേ സമയത്ത് കേവലം രണ്ട് ഫീൽഡർമാർ മാത്രമാണ് റിങ്ങിന് പുറത്തുള്ളത്. മധ്യ ഓവറുകളിൽ 5 ഫീൽഡർമാർ പുറത്തുള്ളതിനാൽ തന്നെ നമ്മൾ കൃത്യമായ രീതിയിൽ ഗ്യാപ്പുകൾ കണ്ടെത്തേണ്ടതുണ്ട്. അതുതന്നെയാണ് ഞാൻ മത്സരത്തിൽ ശ്രമിച്ചതും. വളരെ നന്നായി തന്നെ ഇന്നിംഗ്സ് ആരംഭിക്കാൻ എനിക്ക് സാധിച്ചു.”
“പക്ഷേ എന്റെ പല ഷോട്ടുകളും കൃത്യമായി ഫീൽഡർമാരുടെ കൈകളിലേക്ക് ചെന്നിരുന്നു. അതിനുശേഷം സഞ്ജു സാംസൺ എന്റെ അടുത്ത് വന്ന് ശാന്തനായി തുടരാൻ ആവശ്യപ്പെട്ടു. ഒരുപാട് കൂറ്റൻ ഷോട്ടുകൾ കളിക്കേണ്ടെന്നും, ക്രീസിൽ സമയം ചിലവഴിക്കണമെന്നും സഞ്ജു എന്നോട് പറഞ്ഞു. അതിന് ശേഷം ഒരു ഓവറിൽ 20 റൺസ് സ്വന്തമാക്കാൻ എനിക്ക് സാധിച്ചു. അത് വളരെ നിർണായകമായിരുന്നു.”- ജൂറൽ കൂട്ടിച്ചേർത്തു.
മത്സരത്തിന് ശേഷം നടത്തിയ സല്യൂട്ട് സെലിബ്രേഷനെ പറ്റിയും ജുറൽ സംസാരിച്ചു. “ഞാൻ എല്ലായ്പ്പോഴും എന്റെ പിതാവിന് വേണ്ടിയാണ് കളിക്കുന്നത്. അന്ന് ടെസ്റ്റ് മത്സരത്തിലും ഞാൻ ഇതേ രീതിയിലുള്ള ആഘോഷം പുറത്തെടുത്തിരുന്നു. അദ്ദേഹം ഒരു ആർമി ഉദ്യോഗസ്ഥനാണ്. ഇന്ന് മത്സരം കാണാൻ അദ്ദേഹം ഇവിടെ എത്തിയിരുന്നു. ആ സല്യൂട്ട് അദ്ദേഹത്തിനുള്ളതാണ്.”- ജൂറൽ പറഞ്ഞുവെക്കുന്നു. മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ രാജസ്ഥാൻ ടീമിന് സാധിച്ചിട്ടുണ്ട്.