ഇനി എന്ത് പറഞ്ഞ് പുറത്താക്കും. 33 പന്തുകളില്‍ 71 റണ്‍സുമായി സഞ്ചു. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാമത്.

061fdcd4 1d83 46b2 8bbf 7fb12ee2a011 1

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ സൂപ്പർ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസന്റെ വെടിക്കെട്ട് ആയിരുന്നു. 197 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്സിന്റെ പല സമയത്തും തിരിച്ചടികൾ ഉണ്ടായി.

എന്നാൽ മലയാളി താരം സഞ്ജു സാംസൺ നായകൻ എന്ന നിലയിൽ വളരെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ പ്രകടനത്തിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്റെ വിജയം.ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ ഓറഞ്ച് ക്യാപ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പന്തിനെയും കെഎൽ രാഹുലിനെയും മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ രണ്ടാമത് എത്തിയിരിക്കുന്നത്.

മത്സരത്തിൽ ബട്ലർ പുറത്തായ ശേഷമാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. വലിയ വിജയലക്ഷം മുൻപിൽ ഉണ്ടായിരുന്നതിനാൽ തന്നെ സഞ്ജു പതിയെ തുടങ്ങാനാണ് ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ ജയസ്വാളും കൂടാരം കയറിയതോടെ രാജസ്ഥാൻ ആരാധകർ വലിയ നിരാശയിലായി.

പക്ഷേ അവിടെ നിന്ന് ഒരു നായകന്റെ ഇന്നിംഗ്സ് ആണ് സഞ്ജു സാംസൺ കളിച്ചത്. ആദ്യ പന്തുകളിൽ വളരെ കരുതലോടെ തന്നെ സഞ്ജു സാംസൺ മുൻപിലേക്ക് പോയി. നേരിട്ട പത്താം പന്തിലാണ് സഞ്ജു തന്റെ ആദ്യ ബൗണ്ടറി സ്വന്തമാക്കുന്നത്. ശേഷം രാജസ്ഥാന്റെ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിൽ യാഷ് താക്കൂറിനെതിരെ 2 ബൗണ്ടറികൾ നേടി സഞ്ജു തന്റെ പ്രഹരശേഷി അറിയിച്ചു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

പിന്നാലെ പതിനഞ്ചാം ഓവറിൽ ഒരു സ്വിച്ച് ഹിറ്റിലൂടെ സഞ്ജു നേടിയ ബൗണ്ടറി രാജസ്ഥാന് വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. പിന്നീട് സഞ്ജുവിന്റെ ആക്രമണമാണ് കാണാൻ സാധിച്ചത്. നിർണായകമായ പതിനാറാം ഓവറിൽ മിശ്രയ്ക്കെതിരെ സഞ്ജു പൂർണമായും ആക്രമണം അഴിച്ചുവിട്ടു. ഓവറിൽ 2 ബൗണ്ടറികളും ഒരു സിക്സറുമാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. കേവലം 28 പന്തുകളിൽ തന്നെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാനും സഞ്ജുവിന് മത്സരത്തിൽ സാധിച്ചു. എന്നാൽ ഇവിടെയും തീരുന്നതായിരുന്നില്ല സഞ്ജുവിന്റെ പോരാട്ട വീര്യം.

മത്സരത്തിൽ തന്റെ ടീമിനെ വിജയത്തിൽ എത്തിക്കാനായി വീണ്ടും സഞ്ജു ആക്രമണം അഴിച്ചുവിടുകയുണ്ടായി. അവസാന നിമിഷം തകർപ്പൻ സിക്സർ നേടിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്. 33 പന്തുകൾ മത്സരത്തിൽ നേരിട്ട സഞ്ജു സാംസൺ 71 റൺസുമായി പുറത്താവാതെ നിന്നു.

7 ബൗണ്ടറികളും 4 സിക്സറുകളുമാണ് സഞ്ജു സാംസന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ രാജസ്ഥാൻ വിജയം നേടുകയുമുണ്ടായി. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

Scroll to Top