2024 ട്വന്റി20 ലോകകപ്പ് അതിന്റെ നിർണായക ഭാഗത്തിലേക്ക് കടക്കുകയാണ്. നിലവിൽ സൂപ്പർ 8ൽ എത്തിയ ഇന്ത്യൻ ടീമും വളരെ വലിയ പ്രതീക്ഷയിലാണ്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര നടക്കുന്നത് സിംബാബ്വെയ്ക്കെതിരെയാണ്. സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് പുതിയൊരു വഴിത്തിരിവ് കൂടിയാണ്.
കാരണം ഈ പരമ്പരയിൽ പുതിയ കോച്ചിന്റെ നേതൃത്വത്തിലാവും ഇന്ത്യ മൈതാനത്ത് ഇറങ്ങുക. മാത്രമല്ല ഒരുപാട് യുവതാരങ്ങൾക്ക് പരമ്പരയിൽ ഇന്ത്യ അവസരം നൽകുമെന്നതിനെ സംബന്ധിച്ച് വലിയ സൂചനകൾ ലഭിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിൽ പങ്കെടുത്ത 15 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിന് ഈ പരമ്പരയിൽ വിശ്രമം നൽകാനും സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂൺ ആറിനാണ് ഇന്ത്യ- സിംബാബ്വെ പരമ്പര ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ പരമ്പരയ്ക്കുള്ള സ്ക്വാഡ് അടുത്തയാഴ്ച പ്രഖ്യാപിക്കും എന്നാണ് സൂചന. “ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡ് അടുത്തയാഴ്ച തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ അജിത് അഗാർക്കർക്ക് താരങ്ങളുടെ കാര്യം പുതിയ കോച്ചുമായി സംസാരിക്കേണ്ട ആവശ്യമുണ്ടോ എന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. പുതിയ കോച്ചിന്റെ തിരഞ്ഞെടുപ്പ് ഇനിയും വൈകുകയാണെങ്കിൽ,അടുത്തയാഴ്ച ഏതെങ്കിലും ഒരു സമയത്ത് ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചേക്കും.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.
മാത്രമല്ല ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും കളിക്കില്ല എന്നതും ഏകദേശം തീരുമാനമായിട്ടുണ്ട്. മാത്രമല്ല ബുമ്ര, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ തുടങ്ങിയവർക്കും ഇന്ത്യ പരമ്പരയിൽ ഇടവേള നൽകാൻ സാധ്യതകളുണ്ട്.
“നിലവിൽ ടീമിൽ കളിക്കുന്ന താരങ്ങളൊക്കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിച്ച ശേഷം ട്വന്റി20 ലോകകപ്പിലേക്ക് എത്തിയവരാണ്. അതിനാൽതന്നെ അവരുടെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. ഋഷഭ് പന്ത് പരമ്പരയിൽ കളിക്കുമോ എന്ന കാര്യം ആശ്രയിച്ചിരിക്കുന്നത് അവന്റെ കണ്ടീഷനെയാണ്. കുറച്ചധികം നാളുകളായി അവൻ പരിക്കുമൂലം വിശ്രമത്തിൽ ആയിരുന്നുവെങ്കിലും, തിരികെ വന്നതിന് ശേഷം സ്ഥിരതയോടെ കളിക്കുകയാണ് പന്ത്”- ബിസിസിഐ വൃത്തം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുകയാണെങ്കിൽ ഇന്ത്യ ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് അനുസരിച്ച് താരങ്ങൾക്ക് അവസരം നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, റിങ്കു സിംഗ്, മയങ്ക് യാദവ് തുടങ്ങിയവർക്ക് ഇന്ത്യയുടെ ടീമിൽ അവസരം ലഭിക്കാൻ സാധ്യതകളുണ്ട്. മാത്രമല്ല മലയാളി താരം സഞ്ജു സാംസനും ഇന്ത്യ- സിംബാബ്വെ പരമ്പരയിൽ കളിച്ചേക്കും. ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എന്തായാലും യുവതാരങ്ങളെ സംബന്ധിച്ച് വലിയൊരു അവസരമാണ് സിംബാബ്വെയ്ക്കെതിരായ പരമ്പരയിലൂടെ ഒരുങ്ങുന്നത്.