കഴിഞ്ഞ ഐപിഎൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് തിലക് വർമ. 2022ൽ 1.70 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇന്ത്യൻസ് തിലക് വർമയെ ടീമിൽ എത്തിച്ചത്. അതിന് ശേഷം തങ്ങളുടെ ടീമിന്റെ മധ്യനിരയിലെ കാവലാളായി മാറാൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
എന്നാൽ 2022ലെ ലേലത്തിൽ തിലക് വർമയെ സ്വന്തമാക്കാൻ തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ഡയറക്ടർ മൈക്ക് ഹെസൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തങ്ങൾ തിലക് വർമയ്ക്കായി വളരെയധികം ശ്രമിച്ചിരുന്നുവെന്നും, പക്ഷേ ടീമിലെത്തിക്കാൻ സാധിച്ചില്ലയെന്നും ഹെസൻ പറഞ്ഞു. 2022 ലേലത്തിന് മുൻപ് തങ്ങളുടെ ലിസ്റ്റിൽ തിലക് വർമയുടെയും രജത് പട്ടിദാറിന്റെയും പേരുകൾ ഉണ്ടായിരുന്നുവെന്നും, ഇതിൽ രജതിനെ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത് എന്നും ഹെസൻ പറഞ്ഞു.
ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ലേലമായിരുന്നു തിലക് വർമയുടേത് എന്ന് ഹെസൻ പറയുന്നു. ബാറ്റിംഗിൽ ഒരുപാട് കഴിവുകളുള്ള താരമായതിനാൽ തന്നെ തങ്ങൾക്ക് എങ്ങനെയെങ്കിലും തിലകിനെ സ്വന്തമാക്കണമെന്നുണ്ടായിരുന്നു എന്നും ഹെസൻ ചൂണ്ടിക്കാട്ടി.
“ലേലത്തിൽ ഞങ്ങൾ അവനെ സ്വന്തമാക്കുന്നതിനായി കുറച്ചുകൂടി ശ്രമിക്കേണ്ടതുണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു. വലിയ നിലവാരമുള്ള ഒരു താരം തന്നെയാണ് തിലക് എന്ന് അവൻ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു? മാത്രമല്ല ഒരു ഇടംകയ്യൻ ബാറ്ററായതിനാൽ തന്നെ അന്ന് ബാംഗ്ലൂരിന്റെ ടോപ്പ് ഓർഡറിൽ തിലക് വർമ ഒരുപാട് സഹായകരമായിരുന്നേനെ.”- ഹെസൻ പറയുന്നു.
എന്തുകൊണ്ടാണ് തിലക് വർമയെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത് എന്നതിനെ പറ്റിയും ഹെസൻ കൂട്ടിച്ചേർത്തു. “ഞങ്ങൾക്ക് ടോപ്പ് ഓർഡറിൽ ഒരു ഇടകയ്യൻ ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. അങ്ങനെയെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചമായി മാറിയേനെ. മാത്രമല്ല ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഷോർട്ട് ബോളുകളിൽ വളരെ മികച്ച പ്രകടനമാണ് തിലക് കാഴ്ച വെച്ചിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തിയതിന് ശേഷവും ഒരു മാച്ച് വിന്നറായി മാറാൻ തിലക് വർമയ്ക്ക് സാധിച്ചിട്ടുണ്ട്.”- ഹസൻ കൂട്ടിച്ചേർക്കുന്നു.
2022ൽ മുംബൈ ടീമിലെത്തിയത് മുതൽ തകര്‍പ്പന്‍ പ്രകടനങ്ങൾ തന്നെയാണ് തിലക് വർമ കാഴ്ച വെച്ചിട്ടുള്ളത്. തന്റെ ആദ്യ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി 397 റൺസ് സ്വന്തമാക്കാൻ ഈ അരങ്ങേറ്റക്കാരന് സാധിച്ചിരുന്നു. ശേഷവും ആഭ്യന്തര ക്രിക്കറ്റിൽ തിലക് വർമ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ട്വന്റി20 ടീമിലേക്കും ക്ഷണം ലഭിച്ചു.
2023 ആഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലാണ് തിലക് വർമ അരങ്ങേറ്റം കുറിച്ചത്. വരാനിരിക്കുന്ന ഐപിഎല്ലും തിലകിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ തന്നെ തിലക് വർമയ്ക്ക് കാഴ്ചവയ്ക്കേണ്ടി വരും.