“സെഞ്ചുറി നേടിയിട്ടും ധോണി അന്ന് ടീമിൽ നിന്ന് പുറത്താക്കി”. ഇന്ത്യന്‍ താരം പറയുന്നു

Dhoni Yuvi scaled

സമീപകാലത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ കളിച്ച മനോജ് തിവാരി എല്ലാത്തരം ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ടീമിന് വേണ്ടി നായകനായും ബാറ്ററായും വളരെ മികച്ച പ്രകടനങ്ങളായിരുന്നു മനോജ് തിവാരി പുറത്തെടുത്തത്. അതിനാൽ തന്നെ സൗരവ് ഗാംഗുലി അടക്കമുള്ള താരങ്ങൾ മനോജ് തിവാരിയുടെ അവസാന മത്സരത്തിൽ വലിയൊരു യാത്രയയപ്പ് നൽകുകയുണ്ടായി.

എന്നാൽ അതിനുശേഷം തന്റെ അന്താരാഷ്ട്ര കരിയറിൽ നേരിട്ട വലിയൊരു പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മനോജ് തിവാരി. മുൻപ് ഇന്ത്യയ്ക്കായി താൻ സെഞ്ചുറി സ്വന്തമാക്കിയിട്ട് പോലും തന്നെ ഒഴിവാക്കിയിരുന്നുവെന്നും, അതിനെപ്പറ്റി താൻ അന്നത്തെ നായകൻ മഹേന്ദ്ര സിംഗ് ധോണിയോട് ഇപ്പോഴും ചോദിക്കാൻ തയ്യാറാണ് എന്നും മനോജ് തിവാരി പറയുകയുണ്ടായി.

ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങൾ മാത്രമാണ് മനോജ് തിവാരി കളിച്ചിട്ടുള്ളത്. വിൻഡിസിനെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിൽ 104 റൺസ് സ്വന്തമാക്കിയ തിവാരി ഇന്ത്യയെ വിജയത്തിൽ എത്തിച്ചിരുന്നു. മത്സരത്തിലെ താരമായും മനോജ് തിവാരിയെ തിരഞ്ഞെടുത്തു. എന്നാൽ അതിന് ശേഷം 6 മത്സരങ്ങളിൽ ഇന്ത്യ മനോജിനെ മാറ്റിനിർത്തി.

ഇതിനെ പറ്റിയാണ് മനോജ് തിവാരി പറയുന്നത്. ആ സമയത്ത് മറ്റ് ഇന്ത്യൻ ബാറ്റർമാരാരും തന്നെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നില്ല എന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്ന തുടങ്ങിയവരൊക്കെയും മോശം പ്രകടനമാണ് മത്സരങ്ങളിൽ കാഴ്ച വച്ചിരുന്നത്. എന്നാൽ എല്ലാവർക്കും ടീമിൽ വീണ്ടും അവസരം ലഭിക്കുകയും തന്റെ അവസരം നഷ്ടപ്പെടുകയുമാണ് ചെയ്തത് എന്ന് മനോജ് കൂട്ടിച്ചേർത്തു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

“ഇനിയൊരു അവസരം ലഭിച്ചാൽ ഇതേ സംബന്ധിച്ചുള്ള പൂർണമായ വ്യക്തത ഞാൻ വരുത്തും. ഈ ചോദ്യം ഞാൻ സാഹചര്യമനുസരിച്ച് ചോദിക്കുക തന്നെ ചെയ്യും. മഹേന്ദ്ര സിംഗ് ധോണിയോടാണ് എനിക്ക് ഈ ചോദ്യം ചോദിക്കാനുള്ളത്. എന്തിനായിരുന്നു സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കും.”

”പ്രത്യേകിച്ച് ഓസ്ട്രേലിയൻ പര്യടനത്തിൽ മറ്റൊരു താരവും ഇന്ത്യക്കായി റൺസ് കണ്ടെത്തിയിരുന്നില്ല. വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്‌ന എന്നിവരൊക്കെയും ബാറ്റിംഗിൽ പരാജയപ്പെട്ടു. എന്നാൽ ഇവരെയൊന്നും പുറത്താക്കി കണ്ടില്ല. ഇപ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.”- മനോജ് തിവാരി പറയുന്നു.

“ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ എന്റെ ശരാശരി 65 റൺസ് ആയിരുന്നു. ഇതിന് ശേഷം ഓസ്ട്രേലിയൻ ടീം ഇന്ത്യയിൽ പര്യടനം നടത്തി. അവരുമായുള്ള സൗഹൃദ മത്സരത്തിൽ ഞാൻ 130 റൺസ് നേടി. അതിന് ശേഷം ഇംഗ്ലണ്ട്മായുള്ള സൗഹൃദ മത്സരത്തിൽ 93 റൺസും നേടി. ഞാൻ അന്ന് ടീമിനോട് ഒരുപാട് അടുത്തായിരുന്നു.”

”പക്ഷേ അവർ എനിക്ക് പകരം യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. അതായത് ഞാൻ സെഞ്ച്വറി നേടിയതിന് ശേഷം 14 മത്സരങ്ങളിൽ നിന്ന് എന്നെ മാറ്റിനിർത്തുകയും, ടെസ്റ്റ് അരങ്ങേറ്റം നിഷേധിക്കുകയും ചെയ്തു. അത്ര വലിയ ആത്മവിശ്വാസത്തിൽ നിൽക്കുന്ന ഒരു താരത്തെ ഇല്ലാതാക്കാൻ ഇതു മതിയാവും.”- മനോജ് കൂട്ടിച്ചേർത്തു.

Scroll to Top