2023 ഏഷ്യകപ്പ് വിജയം ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ വിജയം ഇന്ത്യയ്ക്ക് വലിയ മേൽക്കോയ്മ നൽകിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും ടീമിൽ പൂർണമായും ശക്തി പ്രകടിപ്പിച്ച ശേഷം മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് കടക്കാൻ സാധിക്കൂ.
ലോകകപ്പിന്റെ ഫേവറൈറ്റുകൾ ആയതിനാൽ തന്നെ ഇന്ത്യക്കുമേൽ ഒരുപാട് സമ്മർദ്ദങ്ങളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിൽ ഫീൽഡിങ്ങിലും ബോളിങ്ങിലും ഏറ്റവും മികവു പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് രവീന്ദ്ര ജഡേജ എന്ന് ഗംഭീർ പറയുന്നു. എന്നിരുന്നാലും ബാറ്റിംഗിൽ ജഡേജ അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഗംഭീർ നൽകുന്നത്.
ഒരു ബോളർ എന്ന നിലയിൽ ജഡേജയ്ക്ക് പ്രത്യേക ദിവസങ്ങളിൽ അത്ഭുതം കാട്ടാൻ സാധിക്കും എന്ന് ഗംഭീർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഒരു ഏഴാം നമ്പർ ബാറ്റർ എന്ന നിലയ്ക്ക് ജഡേജ കുറച്ചുകൂടി മെച്ചപ്പെട്ടാൽ ഇന്ത്യക്ക് ഗുണമാകും എന്നാണ് ഗംഭീർ പറയുന്നത്. ഇത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നും ഗംഭീർ കരുതുന്നു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഗംഭീർ തന്റെ അഭിപ്രായം പങ്കുവെച്ചത്.
“ഏത് ദിവസവും, ഏത് മൈതാനത്തും 10 ഓവറുകൾ പന്തെറിയാൻ സാധിക്കുന്ന ബോളറാണ് രവീന്ദ്ര ജഡേജ എന്ന് നമുക്കറിയാം. അയാൾ ഒരു അവിശ്വസനീയ ഫീൽഡറുമാണ്. എന്നാൽ ഒരു ഏഴാം നമ്പർ ബാറ്റർ എന്ന നിലയ്ക്ക് ജഡേജ കുറച്ചുകൂടി സംഭാവന നൽകേണ്ടതുണ്ട്. കാരണം കേവലം 6 ബാറ്റർമാരെ മാത്രം വെച്ച് നമുക്ക് ലോകകപ്പിനെ സമീപിക്കാൻ സാധിക്കില്ല.”- ഗംഭീർ പറയുന്നു.
“ലോകകപ്പിൽ ഇഷാൻ കിഷനാവും അഞ്ചാം നമ്പറിൽ കളിക്കാൻ സാധ്യത. അങ്ങനെയെങ്കിൽ അതൊരു വലിയ ചോദ്യചിഹ്നം മുൻപിലേക്ക് വയ്ക്കുന്നുണ്ട്. അതിനാൽ തന്നെ രവീന്ദ്ര ജഡേജ ബാറ്റിംഗിൽ മികവുകാട്ടി മത്സരം വിജയിപ്പിക്കേണ്ടി വരും. പലപ്പോഴും മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ പത്തോവറുകളിൽ 80- 90 റൺസ് ആവശ്യമായി വന്നേക്കാം. ആ സമയത്ത് ആറാം നമ്പർ ബാറ്ററും ഏഴാം നമ്പർ ബാറ്ററുമാവാം ക്രീസിൽ ഉണ്ടാവുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ രവീന്ദ്ര ജഡേജ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കൂ.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
2023 ഏഷ്യാകപ്പിലടക്കം ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം തന്നെയാണ് ജഡേജ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ ബാറ്റിംഗിൽ ജഡേജയ്ക്ക് മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ജഡേജ. സെപ്റ്റംബർ 22നാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുൻപുള്ള തയ്യാറെടുപ്പാണ് ഇന്ത്യയെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരായ ഈ വലിയ പരമ്പര.