ഒരുപാട് നാടകീയ സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല പ്രക്രിയ. കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ നന്നായി തന്നെ നയിച്ച ഹർദിക് പാണ്ഡ്യയെ വലിയ ട്രേഡിലൂടെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് ഇത്തവണ സാധിച്ചു. താരത്തെ സ്വന്തമാക്കുക എന്നതിലുപരിയായി താരത്തിന് നായക സ്ഥാനവും മുംബൈ നൽകുകയുണ്ടായി.
ഇതിന് പിന്നാലെ മുംബൈ ആരാധകരടക്കം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ സമയങ്ങളിൽ മുംബൈയെ വളരെ മികച്ച രീതിയിൽ നയിച്ച് കിരീടങ്ങൾ വാങ്ങിക്കൊടുത്ത രോഹിത് ശർമയെ ഒഴിവാക്കിയാണ് ഹർദിക്കിനെ മുംബൈ നായകനാക്കിയത്. ഇതേ സംബന്ധിച്ച് ഹർദിക് പാണ്ഡ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ് പാണ്ഡ്യ ഇപ്പോൾ.
മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീടം ചൂടിച്ച ഒരു നായകൻ രോഹിത് ശർമയെ പുറത്താക്കി തന്നെ ക്യാപ്റ്റനാക്കിയതിനെ പറ്റിയാണ് ഹർദിക്ക് സംസാരിച്ചത്. മുംബൈയുടെ ഹെഡ് കോച്ച് മാർക്ക് ബൗച്ചറിനൊപ്പം പത്രസമ്മേളനത്തിലാണ് പാണ്ഡ്യ തന്റെ മൗനം വെടിഞ്ഞത്. മുംബൈ ആരാധകരുടെ വികാരത്തെ പൂർണമായും താൻ ബഹുമാനിക്കുന്നു എന്നാണ് പാണ്ഡ്യ പറഞ്ഞത്.
“ആരാധകരുടെ വികാരങ്ങളെ ഞാൻ എല്ലാത്തരത്തിലും ബഹുമാനിക്കുന്നു. പക്ഷേ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത് മാത്രമേ നിയന്ത്രിക്കാനാവു. മുംബൈ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.”- പാണ്ഡ്യ പറഞ്ഞു.
മുംബൈ ടീമിലേക്ക് തിരികെയെത്തിയതിന് ശേഷം രോഹിത് ശർമയുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്ന് പാണ്ഡ്യ പറയുന്നു. മുംബൈ ടീമിൽ പല പ്രശ്നങ്ങളും നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പാണ്ഡ്യയുടെ ഈ പ്രസ്താവനകൾ.
“നിലവിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുകയാണ്. അതിനാൽ തന്നെ അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം എനിക്ക് ഇതുവരെ ലഭിച്ചില്ല. രോഹിത് മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.
“എന്റെ നായകനായുള്ള ഈ വേഷത്തിൽ എനിക്ക് ആവശ്യമായ സഹായങ്ങൾ രോഹിത് ശർമ നൽകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്ന താരമാണ് രോഹിത് ശർമ. അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമയെ നയിക്കുക എന്നത് എനിക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരിക്കില്ല.”- പാണ്ഡ്യ പറഞ്ഞു വയ്ക്കുകയുണ്ടായി.
രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ വലിയ ജനരോക്ഷം തന്നെയായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഇതിനുള്ള മറുപടിയാണ് പാണ്ഡ്യ നൽകിയത്.