2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വമ്പൻ ബോളിംഗ് പ്രകടനമാണ് യുവതാരം മായങ്ക് യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ഉഗ്രൻ സ്പീഡിൽ തന്നെയാണ് ലക്നൗ താരം പന്തറിഞ്ഞത്.
അക്ഷരാർത്ഥത്തിൽ ലോക ക്രിക്കറ്റിനെ ഞെട്ടിക്കാൻ മത്സരത്തിലൂടെ മായങ്ക് യാദവിന് സാധിച്ചു. ലക്നൗവിന്റെ മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചതും മായങ്ക് യാദവിന്റെ ഈ വെടിക്കെട്ട് ബോളിംഗ് പ്രകടനം തന്നെയായിരുന്നു. മത്സരശേഷം താൻ ഏറ്റവുമധികം ആരാധിക്കുന്ന ബോളറെ പറ്റി മായങ്ക് യാദവ് പറയുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനാണ് തന്റെ റോൾ മോഡൽ എന്ന് മായങ്ക് യാദവ് പറയുന്നു.
തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പഞ്ചാബ് ബാറ്റർമാരെ പൂർണമായും ഞെട്ടിക്കാൻ മായങ്ക് യാദവിന് സാധിച്ചിരുന്നു. 21 റൺസിന്റെ വിജയമാണ് പഞ്ചാബിനെതിരെ ലക്നൗ സ്വന്തമാക്കിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ 200 റൺസായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. പഞ്ചാബിന്റെ ഓപ്പണർമാർ മികച്ച തുടക്കമാണ് ടീമിന് നൽകിയത്.
എന്നാൽ മായങ്ക് യാദവ് ബോളിങ് ക്രീസിലെത്തിയതോടെ മത്സരം പഞ്ചാബിന്റെ കൈവിട്ടുപോയി. മത്സരത്തിൽ 150ന് മുകളിൽ പന്തറിയാൻ മായങ്കിന് സാധിച്ചു. ഇതോടെ നിർണായകമായ ബെയർസ്റ്റോയുടെ അടക്കമുള്ള വിക്കറ്റുകൾ മായങ്ക് സ്വന്തമാക്കുകയും ചെയ്തു. ശേഷം വേഗതയോടുള്ള തന്റെ താൽപര്യത്തെപ്പറ്റി മായങ്ക് സംസാരിച്ചു.
സ്പീഡ് എന്നത് തന്നെ എപ്പോഴും ആവേശത്തിലാക്കാറുണ്ട് എന്നാണ് മായങ്ക് പറഞ്ഞത്. “സ്പീഡ് എന്നത് എനിക്ക് എല്ലായിപ്പോഴും ത്രില്ലും ആവേശവും നൽകുന്നു. സാധാരണ ജീവിതത്തിലും അതെനിക്കൊരു ആവേശമാണ്. റോക്കറ്റുകൾ, പ്ലെയിനുകൾ, സൂപ്പർ ബൈക്കുകൾ എന്നിവയെല്ലാം എനിക്ക് വലിയ താല്പര്യവും ആവേശവും ഉള്ളവയാണ്. ചെറുപ്പത്തിൽ ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ജെറ്റുകളാണ്. അതിനാൽ തന്നെ സ്പീഡിനോടുള്ള എന്റെ പ്രചോദനം ആരംഭിച്ചത് അവിടെ നിന്നാണ് എന്ന് പറയാൻ സാധിക്കും.”- മായങ്ക് പറഞ്ഞു.
ഒപ്പം പേസ് ബോളർമാർ മത്സരങ്ങളിൽ നേരിടുന്ന പ്രധാന പ്രതിസന്ധിയെപ്പറ്റിയും മായങ്ക് സംസാരിച്ചു. “ബോളർമാരുടെ ജീവിതത്തിൽ പരിക്കുകളാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ സീസണിലും എനിക്ക് പരിക്കേറ്റിരുന്നു. പരിക്ക് മൂലം എനിക്ക് ഐപിഎല്ലിൽ കളിക്കാൻ സാധിച്ചിരുന്നില്ല.”- മായങ്ക് കൂട്ടിച്ചേർത്തു. ഒപ്പം തന്റെ ബോളിംഗ് റോൾ മോഡലിനെ പറ്റിയും മായങ്ക് സംസാരിച്ചു. “ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന ഒരു ഫാസ്റ്റ് ബോളറാണ് ഡെയ്ൽ സ്‌റ്റെയ്‌ൻ.”- മായങ്ക് പറഞ്ഞു വയ്ക്കുന്നു.