അഞ്ചാം ടെസ്റ്റിൽ അവനെ ഇന്ത്യ നായകനാക്കണം. രോഹിത് മാറിനിൽക്കണമെന്ന് ഗവാസ്കർ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമാണ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ 145 എന്ന ചെറിയ സ്കോറിൽ ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

ഇതിന് ശേഷം ഒരു വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ നായക സ്ഥാനത്ത് നിർത്തണമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. അശ്വിന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമാണ് ധർമ്മശാലയിൽ നടക്കാൻ പോകുന്നത്. ഈ മത്സരത്തിലാണ് രോഹിത്തിന് പകരം അശ്വിനെ ഇന്ത്യ നായകനാക്കണം എന്ന് ഗവാസ്കർ പറയുന്നത്.

മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം രവിചന്ദ്രൻ അശ്വിനുമായി സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ. “നാളെ ഇന്ത്യ വിജയിച്ചു എന്നിരിക്കട്ടെ. അടുത്ത മത്സരം നടക്കാൻ പോകുന്നത് ധർമശാലയിലാണ്. ആ മത്സരത്തിൽ രോഹിത് ശർമ താങ്കളെ നായകനാക്കി കളിപ്പിക്കണം എന്നതാണ് എന്റെ ആഗ്രഹം. അതൊരു വളരെ മികച്ച കാര്യം തന്നെയായിരിക്കും. മാത്രമല്ല മനോഹരമായ ഒരു ആദരവ് കൂടി അതിലൂടെ ലഭിക്കും. ഇന്ത്യൻ ക്രിക്കറ്റിനായി താങ്കൾ കഴിഞ്ഞ സമയങ്ങളിൽ ചെയ്തതിനുള്ള ആദരവായി അത് കണക്കാക്കപ്പെടും.”- ഗവാസ്കർ പറഞ്ഞു.

ഗവാസ്കറുടെ ഈ അഭിപ്രായത്തിന് അശ്വിൻ മറുപടിയും പറയുകയുണ്ടായി. തനിക്കിത് വളരെ സന്തോഷമുള്ള കാര്യമാണെങ്കിലും, ഇതിനെപ്പറ്റി താൻ ആലോചിക്കുന്നില്ല എന്നാണ് അശ്വിൻ പറഞ്ഞത്. “സണ്ണി ഭായിയോട് എനിക്ക് വളരെ നന്ദിയുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ഞാൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷങ്ങളും ഏറ്റവുമധികം ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എത്രയും നാൾ ഈ ടീമിനൊപ്പം മുൻപോട്ടു പോകാൻ സാധിക്കുമോ, അത്രയും നാൾ മുൻപോട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയെങ്കിൽ ഞാൻ വളരെ ആഹ്ലാദവാനായിരിക്കും.”- അശ്വിൻ പറഞ്ഞു.

മത്സരത്തിന്റെ മൂന്നാം ദിവസം ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ ബോളിംഗ് പ്രകടനമായിരുന്നു അശ്വിൻ കാഴ്ചവച്ചത്. ഇന്ത്യൻ പിച്ചുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും അശ്വിൻ പേരിൽ ചേർക്കുകയുണ്ടായി.

മാത്രമല്ല 5 വിക്കറ്റുകൾ സ്വന്തമാക്കി ഇംഗ്ലണ്ടിനെ പൂർണമായും അശ്വിൻ പിന്നിലേക്ക് ആക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് അടുക്കുമ്പോൾ അതിൽ പ്രധാന പങ്കുവഹിച്ചത് അശ്വിന്റെ ഈ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയാണ്.

Previous articleകൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
Next articleരക്ഷകരായി ഗില്ലും ജൂറലും. നാലാം ടെസ്റ്റിലെ നാലാം ദിനത്തില്‍ ഇന്ത്യക്ക് വിജയം. പരമ്പരയും സ്വന്തം