രക്ഷകരായി ഗില്ലും ജൂറലും. നാലാം ടെസ്റ്റിലെ നാലാം ദിനത്തില്‍ ഇന്ത്യക്ക് വിജയം. പരമ്പരയും സ്വന്തം

gill and jurel

ഇംഗ്ലണ്ടിനെതീരായ നാലാം ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ നാലാം ദിവസം 192 എന്ന വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ തകർന്നു വീഴുകയുണ്ടായി.

5 വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിൽ കൂപ്പുകുത്തിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭമാൻ ഗില്ലും ധ്രുവ് ജൂറലും പ്രതിരോധം തീർക്കുകയായിരുന്നു. ഇരുവരുടെയും പക്വതയാർന്ന ഇന്നിങ്സിന്റെ ബലത്തിലാണ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര തങ്ങളുടെ പേരിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിന്റെ ആദ്യദിനം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് ജോ റൂട്ടാണ്. റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ കുതിച്ചത്. 122 റൺസ് നേടിയ റൂട്ടിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 353 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെ ജയസ്വാൾ നൽകി. 73 റൺസാണ് ജയസ്വാൾ നേടിയത്. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. മധ്യനിരയിൽ ധ്രുവ് ജുറലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 149 പന്തുകൾ നേരിട്ട ജൂറൽ 90 റൺസ് സ്വന്തമാക്കി. ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 307 എന്ന സ്കോറിലെത്തി. എന്നിരുന്നാലും 46 റൺസിന്റെ ലീഡ് ഇംഗ്ലണ്ടിന് മുൻപിൽ ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവന്നു. ശേഷം മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. ഓപ്പണർ ക്രോളി പതിവുപോലെ ഇംഗ്ലണ്ടിനായി വെടിക്കെട്ട് തീർത്തു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

60 റൺസ് ക്രോളി സ്വന്തമാക്കി. പക്ഷേ മറ്റു ബാറ്റർമാരൊക്കെയും ഇന്ത്യൻ സ്പിൻ നിരയ്ക്ക് മുൻപിൽ പതറുന്നതാണ് കണ്ടത്. അശ്വിനും കുൽദീപും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് കേവലം 145 റൺസിൽ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ അശ്വിൻ 5 വിക്കറ്റുകളും കുൽദീപ് 4 വിക്കറ്റുകളും സ്വന്തമാക്കി.

ഇതോടെ ഇന്ത്യയുടെ വിജയലക്ഷം 192 റൺസായി മാറി. ആദ്യ വിക്കറ്റിൽ രോഹിത് ശർമയും ജയസ്വാളും തകർത്തടിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. ഒന്നാം വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. എന്നാൽ 37 റൺസ് നേടിയ ജയസ്വാൾ കൂടാരം കയറിയതോടെ കളി മാറി. 55 റൺസ് നേടിയ രോഹിത് ശർമയും പിന്നാലെ മടങ്ങി.

പിന്നീട് ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ അമ്പെ പരാജയപ്പെടുകയായിരുന്നു. രജത് പട്ടിദാറും സർഫറാസ് ഖാനും പൂജ്യരായാണ് മടങ്ങിയത്. രവീന്ദ്ര ജഡേജ 4 റൺസിനും കൂടാരം കയറിയതോടെ ഇന്ത്യ 5 വിക്കറ്റിന് 120 എന്ന നിലയിൽ എത്തുകയായിരുന്നു. ശേഷമാണ് അനിവാര്യമായ കൂട്ടുകെട്ട് ശുഭമാൻ ഗില്ലും ധ്രുവ് ജൂറലും ചേർന്ന് കെട്ടിപ്പടുത്തത്.

ഇംഗ്ലണ്ട് ബോളർമാർക്കെതിരെ വലിയ രീതിയിലുള്ള പ്രതിരോധം സൃഷ്ടിച്ച് മുൻപോട്ട് പോകാൻ ഗില്ലിനും ജൂറലിനും സാധിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഗില്‍ രണ്ടാം ഇന്നിങ്സിൽ 52 റൺസ് നേടിയപ്പോൾ, ജൂറൽ 39 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. നാലാം ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

Scroll to Top