വിയ്യാറിയലിനോട് 5-3 തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എഫ്‌സി ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് ജൂൺ 30 ന് ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരിക്കുകയാണ്.
ലാലിഗ പോരാട്ടത്തില്‍ ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാള്‍ 10 പോയിൻ്റും ജിറോണയേക്കാള്‍ എട്ട് പോയിൻ്റും പിന്നിലാണ് ബാഴ്സലോണ. ഈ സീസണിൽ ബാഴ്‌സയുടെ പ്രകടനം മികച്ചതായിരുന്നില്ല. നിരവധി തവണ സാവിക്ക് പിന്തുണയുമായി ക്ലബ് എത്തിയെങ്കിലും ഈ വർഷം ജൂണിൽ ക്ലബ് വിടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.
സീസണിൻ്റെ അവസാനത്തോടെ ടീം കോച്ചായി സ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ച് ക്ലബ് പ്രസിഡൻ്റ് ജോവാൻ ലാപോർട്ട, സ്‌പോർട്ടിംഗ് വൈസ് പ്രസിഡൻ്റ് റാഫ യൂസ്റ്റ്, ഡയറക്ടർ എന്നിവരോട് സാവി പറഞ്ഞതായി ബാഴ്‌സ അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു. ദിവസങ്ങൾക്കുമുമ്പ് താൻ ഈ തീരുമാനമെടുത്തിരുന്നുവെന്നും ഇത് പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല നിമിഷമാണിതെന്ന് കരുതുന്നതായും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ സാവി പറഞ്ഞു.
ബാഴ്‌സലോണയിൽ പ്രശ്‌നമാകാൻ ആഗ്രഹിക്കുന്നില്ല:സാവി
ക്ലബ്ബിൻ്റെ പ്രശ്‌നമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം ടീമിന് ഒരു പരിഹാരമാകണമെന്നും സാവി പറഞ്ഞു.”ഞാന്‍ പ്രശ്‌നമാകാൻ ആഗ്രഹിക്കുന്നില്ല, രണ്ട് വർഷം മുമ്പത്തെപ്പോലെ ബാഴ്‌സയ്ക്ക് ഒരു പരിഹാരമാകാൻ ഞാൻ ആഗ്രഹിക്കുന്നു,” സാവി പറഞ്ഞു.
“ഈ നാല് മാസത്തിനുള്ളിൽ ഞാൻ എല്ലാം നൽകും. ലീഗ് വിജയിക്കാൻ ഞാൻ എൻ്റെ എല്ലാ ശ്രമങ്ങളും നൽകും. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു,”
സീസണിൻ്റെ അവസാനത്തിൽ ഒരു കിരീടം നേടിയാലും താൻ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് പറഞ്ഞാണ് സാവി അവസാനിപ്പിച്ചത്.
2021 നവംബറിലാണ് ബാഴ്‌സലോണയുടെ മാനേജരായി സാവി എത്തിയത്. 2022-23 ലാലിഗ കിരീടം നേടുകയും ചെയ്തു.