അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയുമായിട്ടുള്ള കരാർ ഈ ജൂണിൽ അവസാനിക്കുകയാണ്. കരാർ അവസാനിക്കുന്ന താരം അടുത്ത സീസണിൽ തൻ്റെ പഴയ ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകൻ സാവി.
മെസ്സിയുടെ സുഹൃത്താണ് താനെന്നും പ്രതീക്ഷിക്കുന്ന പോലെ താരത്തിന്റെ തിരിച്ചുവരവ് സംഭവിക്കട്ടെ എന്നുമാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ താൻ കൂടുതൽ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൻ്റെ ടീമിലാണെന്നും സാവി കൂട്ടിച്ചേർത്തു. ബാഴ്സലോണയുടെ എൽഷേക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാവി.
“ലിയോയെ കുറിച്ച് സംസാരിക്കാനുള്ള സമയമാണ് ഇതെന്ന് തോന്നുന്നില്ല. ഞങ്ങൾക്കിടയിൽ സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായി ഞാനത് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം ജീവന് തുല്യം ബാഴ്സലോണയെ സ്നേഹിക്കുന്നു. ആരാധകർ മെസ്സിക്ക് വേണ്ടി ആഗ്രഹിക്കുന്നത് മൈക്കൽ ജോർദാനെ പോലെ ഒരു വിടവാങ്ങലാണ്. ഞങ്ങൾ ഒരു മാസത്തിനുള്ളിൽ രണ്ട് കിരീടങ്ങൾ നേടാനുള്ള തയ്യാറെടുപ്പിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോൾ സംസാരിക്കേണ്ടത് മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ചല്ല. അദ്ദേഹത്തെ തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്നു. എൻ്റെ കൺമുന്നിലാണ് മെസ്സി കളിച്ചു വളർന്നത്. എന്നാൽ എനിക്ക് ഒന്നും ഇതിൽ ചെയ്യാൻ ഇല്ല. മെസ്സിയെ ആശ്രയിച്ചാണ് തിരിച്ചുവരവ് പൂർണമായും ഇരിക്കുന്നത്. നാളെ മത്സരം വിജയിച്ചാൽ മാഡ്രിഡിന് 15 പോയിന്റ് മുകളിൽ എത്താൻ ഞങ്ങൾക്ക് സാധിക്കും. ബുധനാഴ്ച കപ്പ് മത്സരവും കാത്തിരിക്കുന്നു. പക്ഷേ ഇപ്പോഴും നമ്മൾ സംസാരിക്കുന്നത് അടുത്ത സീസണിലെ ട്രാൻസ്ഫറിനെ കുറിച്ചാണ്. “- സാവി പറഞ്ഞു.