ഇന്നാണ് ലോകകപ്പിലെ അർജൻ്റീനയുടെ രണ്ടാം മത്സരം. ജീവൻ മരണ പോരാട്ടത്തിൽ അർജൻ്റീന മെക്സിക്കോയെയാണ് നേരിടുന്നത്. ഇന്ന് ജയിക്കാൻ സാധിച്ചില്ലെങ്കിൽ അർജൻ്റീനയുടെ പ്രീക്വർട്ടർ പ്രതീക്ഷകൾ അവതാളത്തിൽ ആകും. പുലര്‍ച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
ജീവൻ മരണ പോരാട്ടത്തിന് മുൻപായി എല്ലാ അർജൻ്റീനൻ താരങ്ങളും പരിശീലനത്തിന് ഇറങ്ങി. അർജൻ്റീനയുടെ ഏറ്റവും വലിയ വെല്ലുവിളി മെക്സിക്കൻ വൻമതിൽ ഒച്ചാവയെ മറികടക്കുന്നത് ആകും. ആദ്യ മത്സരത്തിൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടത്തിയ സൗദി അറേബ്യയും ഇന്ന് ഇറങ്ങും.
അർജൻ്റീനയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ആയിരിക്കും പോളണ്ടിനെതിരെ ഇന്ന് സൗദി അറേബ്യ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാൽ സൗദിക്ക് പ്രീ ക്വാർട്ടറിലേക്ക് കടക്കാം. നിലവിൽ മൂന്ന് പോയിന്റുകളുമായി സൗദി ആണ് ഗ്രൂപ്പിൽ ഒന്നാമത്. പോയിൻ്റ് ഒന്നുമില്ലാത്ത അർജൻ്റീന അവസാന സ്ഥാനത്താണ്. പോളണ്ടിനും മെക്സിക്കോക്കും ഓരോ പോയിന്റ് വീതമാണ് ഉള്ളത്.
പ്രീക്വാട്ടർ ഉറപ്പിക്കാൻ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇന്ന് ഇറങ്ങുന്നുണ്ട്. ഡെന്മാർക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ. ആദ്യം മത്സരത്തിൽ സമനില വഴങ്ങിയ ഡെൻമാർക്കിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഇന്നത്തെ വിജയം അനിവാര്യമാണ്. അതേസമയം ഓസ്ട്രേലിയക്കെതിരെ തകർക്കാൻ വിജയം നേടിയ ആത്മാവിശ്വാസത്തിൽ ആയിരിക്കും ഫ്രാൻസിറങ്ങുക.