ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ പോവുകയാണ്. അടുത്ത വർഷം മുതൽ ഐഎസ്എല്ലിൽ വാർ സംവിധാനം കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പ്രസിഡൻ്റ് കല്യാണ ചൗബയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ യൂറോപ്പിലും മറ്റും വാർ ഉപയോഗിച്ച് വരുന്നുണ്ട്. അവിടെ ഉപയോഗിക്കുന്ന വലിയ ചിലവേറിയ വാറിന് പകരം അത്ര ചിലവില്ലാത്ത സിസ്റ്റം ആയിരിക്കും ഇന്ത്യയിൽ ഒരുക്കുക.
ഇന്ത്യ അനുകരിക്കാൻ ശ്രമിക്കുക ചിലവ് കുറഞ്ഞ രീതിയിൽ വാർ നടപ്പിലാക്കുന്ന ബെൽജിയം ഫുട്ബോൾ അസോസിയേഷന്റെ രീതി ആയിരിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബെൽജിയത്തിൽ നിന്നും കാര്യങ്ങൾ പഠിച്ച് അതുപോലെ ഒരു സിസ്റ്റം ഇന്ത്യയിൽ നടപ്പാക്കുവാൻ തയ്യാറാണ്. അടുത്തിടെ ഇന്ത്യൻ സംഘം റോയൽ ബെൽജിയം ഫുട്ബോൾ ഹെഡ് കോർട്ടേഴ്സിൽ സന്ദർശനം നടത്തിയിരുന്നു.
15 മുതൽ 20 കോടി രൂപ വരെയാണ് ഇംഗ്ലണ്ടിലും സ്പെയിനിലുമെല്ലാം ഒരു വർഷം വാർ കൊണ്ടുവരാനുള്ള ചിലവ്.ഇന്ത്യ ബദൽ സംവിധാനം ആലോചിക്കുന്നത് ഈ ചിലവ് ഇന്ത്യക്ക് താങ്ങാൻ സാധിക്കില്ല എന്നത് കൊണ്ടാണ്.ഇത്തവണത്തെ ഫൈനലിൽ അടക്കം റഫറിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച വന്നത് കൊണ്ടാണ് ഇന്ത്യ ഇക്കാര്യം ആലോചിക്കുന്നത്.