ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള അനാദരവ് ആണെന്നായിരുന്നു മുൻ താരം റോയ് കീൻ അഭിപ്രായപ്പെട്ടത്.
സൗത്ത് കൊറിയക്കെതിരെ നേടിയ നാല് ഗോളിനും ഓരോരോ നൃത്തങ്ങൾ ചെയ്തു ബ്രസീൽ ആഘോഷിച്ചിരുന്നു. അതിൽ ഒരു ഗോൾ നേടിയപ്പോൾ പരിശീലകൻ ടിറ്റയും നൃത്തം ചെയ്തിരുന്നു. പരിശീലകനടക്കം നൃത്തം ചെയ്ത് ആഘോഷിക്കുവാൻ മാത്രം എന്ത് പ്രത്യേകതയാണ് ആ ഗോളുകൾക്ക് ഉള്ളതെന്നാണ് വിമർശകരുടെ പ്രധാന ചോദ്യം. ഇപ്പോഴിതാ ഇനിയും ഗോൾ നേടിയാൽ നൃത്തം ചെയ്ത് മാത്രമല്ല നിരവധി ആഘോഷങ്ങൾ ചെയ്യാൻ അറിയാമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ.
“ഒരു ഗോൾ നേടുമ്പോൾ അത് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. ഞങ്ങൾ മാത്രമല്ല ആ ഗോൾ ആഘോഷിക്കുന്നത്. ഒരു രാജ്യം മുഴുവൻ ആഘോഷിക്കുന്നുണ്ട്. ഇനിയും ഞങ്ങൾക്ക് നിരവധി ആഘോഷങ്ങൾ ചെയ്യാനുണ്ട്. ഞങ്ങൾ നന്നായി കളിച്ചുകൊണ്ടിരിക്കും.
ഇനിയും ഒരുപാട് നൃത്തം ചെയ്യും. അങ്ങനെ ആ താളത്തിൽ ലോകകപ്പിന്റെ അവസാനത്തിൽ എത്തും.”- വിനീഷ്യസ് ജൂനിയർ പറഞ്ഞു. ലോകകപ്പ് ക്വാർട്ടറിൽ യൂറോപ്പ്യൻ വമ്പൻമാരായ ക്രൊയേഷ്യ ആണ് ബ്രസീലിന്റെ എതിരാളികൾ. നാളെയാണ് ബ്രസീൽ ക്രൊയേഷ്യ ക്വാർട്ടർ മത്സരം. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ മത്സരത്തെ നോക്കിക്കാണുന്നത്.