ഈ മാസം 22നാണ് തന്റെ പുതിയ ക്ലബ്ബായ അൽ നസറിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങേറ്റം കുറിക്കുക. വിജയകരമായി താരത്തെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച താരത്തെ ആരാധകർക്ക് മുൻപിൽ ക്ലബ്ബ് അവതരിപ്പിച്ചിരുന്നു. റൊണാൾഡോ വരുന്നതിനു മുൻപ് ക്ലബ്ബിൻ്റെ മുന്നേറ്റ നിര താരമായിരുന്ന വിൻസൻ്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിയ ശേഷമാണ് ക്ലബ്ബ് റൊണാൾഡോയെ രജിസ്റ്റർ ചെയ്തത്.
ഒരു ടീമിൽ 8 വിദേശ താരങ്ങൾ മാത്രമാണ് സൗദി ലീഗ് നിയമ പ്രകാരം ഒരു ക്ലബ്ബിൽ ഉണ്ടാകാൻ പാടുള്ളൂ. വിൻസൻ്റ് അബൂബക്കറിന് എല്ലാ സാമ്പത്തിക അവകാശങ്ങൾ നൽകുകയും പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുകയും ചെയ്തതാണ് ക്ലബ് അറിയിക്കുന്നത്. റൊണാൾഡോക്ക് ഇപ്പോൾ കളത്തിൽ ഇറങ്ങാൻ സാധിക്കാത്തത് ആരാധകന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത സംഭവത്തിൽ വിലക്ക് ഉള്ളതിനാലാണ്.
റൊണാൾഡോ വന്നതിനുശേഷം ഉള്ള ആദ്യ മത്സരത്തിൽ അൽ തായിയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ബ്രസീലിയൻ താരം ടാലിസ്കയാണ് അൽ നസറിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്. താരത്തിന്റെ രണ്ടു ഗോളുകൾ 42,47 എന്നീ മിനിറ്റുകളിൽ ആയിരുന്നു. ഈ സമയം സൈക്ലിംഗ് വ്യായാമം നടത്തിക്കൊണ്ടിരുന്ന റൊണാൾഡോ ഗോൾ നേടിയപ്പോൾ ആഘോഷം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് റൊണാൾഡോയുടെ പുതിയ ക്ലബ്ബ് തന്നെയാണ്. 12 കളികളിൽ നിന്നും 29 പോയിന്റുകളുമായി സൗദി പ്രൊ ലീഗിൽ അൽ നസർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അൽ ഷബാബിന് 25 പോയിൻ്റ് ആണ് ഉള്ളതെങ്കിലും ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.