ഈ മാസം അവസാനം അരങ്ങേറാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിൽ സ്ഥിര സാന്നിധ്യമായ സഹൽ ഇക്കുറി സ്‌ക്വാഡിൽ ഇടംനേടിയില്ല.
ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായ സഹൽ ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വിങ്ങറായും പ്ലേയ്‌മേക്കർ ആയും അക്ഷരാർത്ഥത്തിൽ സഹൽ കളം നിറഞ്ഞു കളിച്ചു. മറ്റ് സീസണുകളെ അപേക്ഷിച്ച് സഹൽ ഏറെ പുരോഗമിച്ച ഒരു സീസൺ കൂടെ ആയിരുന്നു ഇത്.
പക്ഷേ സീസൺ അവസാന ഭാഗത്തിൽ പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണ് ഇക്കുറി വില്ലൻ ആയതു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ 35 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുവാൻ കഴിയാത്തതും പരിക്ക് മൂലമാണ്.
പരിക്ക് മൂലം ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന മൂന്ന് മത്സരങ്ങളും സഹലിനു നഷ്ടപ്പെട്ടിരുന്നു. നിലവിൽ സഹൽ റീഹാബിലിറ്റേഷനിലാണ്.
നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ദുബായിയാണ് വേദി ആവുന്നത്. മാർച്ച് 25, 29 തിയതികളിൽ ആയിട്ടാവും മത്സരം അരങ്ങേറുക.