ഐസിസിയുടെ ഈ മാസത്തിലെ താരം. അശ്വിനും നോമിനേഷന്‍

ഐസിസിയുടെ ഈ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ രവിചന്ദ്ര അശ്വിന് നോമിനേഷന്‍ ലഭിച്ചു. ഇന്ത്യന്‍ താരത്തെക്കൂടാതെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസിന്‍റെ പുത്തന്‍ താരോദയം കെയില്‍ മായേര്‍സ് എന്നിവര്‍ക്കാണ് ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടത്.

ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റ് കളിച്ച അശ്വിന്‍ ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ 106 റണ്‍സ് നേടുകയും അഹമദാബാദ് ടെസ്റ്റില്‍ 400ാം വിക്കറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഈ പരമ്പരയില്‍ നിന്നും 176 റണ്‍സും 24 വിക്കറ്റുമാണ് അശ്വിന്‍ നേടിയത്.

അതേ സമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാകട്ടെ പരമ്പരയില്‍ നിന്നും 333 റണ്‍സും 6 വിക്കറ്റും നേടി. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച 210 റണ്‍സ് പ്രകടനമാണ് കെയില്‍ മായേര്‍സിനെ ഐസിസി നോമിനേഷനിലേക്ക് നയിച്ചത്