ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടത്തില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ തോല്‍പ്പിച്ചത്. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോ വിജയിച്ച്, ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.
പ്രീക്വാര്‍ട്ടറിലെ ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമിനും ഗോളടിക്കാനായില്ല. തുടര്‍ച്ചയായി രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരവും അധികസമയത്തിലേക്ക് നീളുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷിയായത്.
പതിവുപോലെ പന്തടക്കത്തിലും പാസിംഗിലും സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും മനോഹരമായി പ്രതിരോധം തീര്‍ത്ത മൊറോക്കോ സമനിലയാക്കി നിര്‍ത്താന്‍ 27ാം മിനിറ്റില്‍ സ്‌പെയിനിന് ഒരു അവസരം ലഭിച്ചു. ജോര്‍ഡി ആല്‍ബ നല്‍കിയ പന്തുമായി മുന്നേറിയ അസെന്‍സിയോ മൊറോക്കന്‍ പ്രതിരോധത്തെ മറികടന്നെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയാണുണ്ടായത്. 33ാം മിനിറ്റില്‍ ഫെരാന്‍ ടോറസില്‍ നിന്ന് പന്ത് എടുത്ത മസ് റോയിയുടെ ഷോട്ട് സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷിച്ചു.
ആദ്യ പകുതിയില്‍ സ്‌പെയിന്‍ മൊറോക്കോ പോസ്റ്റിലേക്ക് പായിച്ചത് ആകെ ഒരു ഷോട്ട മാത്രം. 26ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയായിരുന്നു ഷോട്ട് പായിച്ചത്.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. 55ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്നുള്ള ഡാനി ഒല്‍മോയുടെ ഷോട്ട് മൊറോക്കോയുടെ ഗോളി യാസിന്‍ ബോനു തട്ടിയകറ്റി. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാനും സ്പാനിഷ് ടീമിന് കഴിഞ്ഞില്ല.