എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സ് കീഴടക്കുന്ന ഭംഗിയുള്ള ഗെയിം പ്ലാൻ ആണ് സ്പെയിനിന്റേത്. പന്ത് കാലുകളിൽ വച്ച് ചെറിയ ചെറിയ പാസുകൾ നൽകി എതിരാളികളെ ഭ്രാന്ത് പിടിപ്പിക്കുന്ന പാസ്സിങ് ഗെയിം. പന്ത് കാലുകളിൽ നിന്നും നഷ്ടമായാൽ അത് വളരെ പെട്ടെന്ന് തന്നെ തിരിച്ചുപിടിച്ച് എതിരാളികൾക്കെതിരെ ഫൗളിങ്ങും ബലപ്രയോഗവും മറന്നു കൊണ്ടുള്ള സ്പാനിഷ് നീക്കങ്ങൾ. ഈ എൻജിൻ പിറവിയെടുത്തത് ലൂയി അരഗോൺ സിൻ്റെ കാലത്തും പരിഷ്കരിച്ചത് ഡെൽബോസ്ക്കും ആയിരുന്നു. നിരവധി കിരീടങ്ങളാണ് സുവർണ്ണ കാലത്ത് ടിക്കി ടാക്ക ബാഴ്സലോണക്ക് നേടിക്കൊടുത്തത്.
ദേശിയ ടീമില്‍ ഇനിയേസ്റ്റയും സാവിയും മധ്യനിരയിൽ കളി മെനഞ്ഞപ്പോൾ റാമോസും പുയോളും എല്ലാ ആക്രമണങ്ങളും തടുത്തു.കാവൽക്കാരനായി കസിയസും നിറഞ് നിന്നപ്പോൾ മുന്നേറ്റത്തിൽ ടോറസും ഫാബ്രിഗസും അഴിഞ്ഞാടി. ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സുവർണ്ണ കാലഘട്ടത്തിൽ ഒന്നായിരുന്നു അത്.
ആ കാലഘട്ടത്തിൽ വെല്ലുവിളി ഉയർത്താൻ ഒരു എതിരാളികൾ പോലും വന്നില്ല. 2008 യൂറോ കപ്പ് നേടി ലോകത്തോട് തങ്ങൾ വരുന്നു എന്ന് വിളിച്ചു പറഞ്ഞ അവർ 2010 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ കാൽ ഇടറിയെങ്കിലും തങ്ങളെ അതിലൊന്നും തളർത്താൻ കഴിയില്ല എന്ന് ലോകത്തിനോട് വിളിച്ചു പറഞ് എല്ലാ രാജ്യങ്ങളും ഒരു പോലെ കൊതിക്കുന്ന ആ കനകകിരീടം നേടിയാണ് അവർ അവസാനിപ്പിച്ചത്. അന്നത്തെ അവരുടെ തേരോട്ടത്തിൽ ഇരകളായത് പോർച്ചുഗലും ജർമ്മനിയും നെതർലാൻഡ്സും എല്ലാമായിരുന്നു.ആ ലോകകപ്പ് കിരീടം നേട്ടത്തോടെ ലോകം മുഴുവനും സ്പാനിഷ് ടീമിനെ വാഴ്ത്തി.
സ്പാനിഷ് ടീമിൻ്റെ തന്ത്രത്തിന് പകരം വേറെ തന്ത്രം പലരും ആലോചിച്ചു. എന്നാൽ ആർക്കും ആ ആയുധം ലഭിച്ചില്ല. ടിക്കി ടാക്ക 2012ൽ യൂറോ കപ്പ് കിരീടം നിലനിർത്തുവാൻ സ്പാനിഷ് ടീമിനെ ഒരിക്കൽക്കൂടി സഹായിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് തന്ത്രം പാളിപ്പോകുവാൻ തുടങ്ങി. ആ തന്ത്രത്തിന് മറു തന്ത്രം ഉണ്ടായി. ഏത് തന്ത്രവും ഒരുപാട് കാലം ഓടില്ല എന്ന കാര്യം സ്പാനിഷ് വമ്പന്മാർ മറന്നു. ആ ശൈലി അവർ പൊളിച്ചെഴുതിയില്ല. അവരുടെ അനായാസ പാസിങ്ങിന് എതിരാളികൾ തടസ്സം നിന്നു. അതിന് മറുമരുന്ന് വിധിച്ചത് 2010 ലോകകപ്പ് കലാശ പോരാട്ടത്തിൽ തങ്ങളെ പരാജയപ്പെടുത്തിയവർക്കെതിരെ ലെതർലാൻഡ്സ് ആയിരുന്നു.
ഇന്നും സ്പെയിൻ മറക്കാൻ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു ഡച്ച് പട സമ്മാനിച്ചത്. ഒന്നിനെതിരെ 5 ഗോളുകൾക്കായിരുന്നു അന്ന് സ്പാനിഷ് ടീമിനെ ഡച്ച് തല്ലി തകർത്തത്. ടിക്കി ടാക്കയെ നിലം തൊടിക്കാതെ നെതർലാൻഡ്സ് അന്ന് കളി വാഴ്ന്നു. ആ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ചിലിയും തോൽപ്പിച്ചതോടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സ്പെയിൻ പുറത്തായി.
കഴിഞ്ഞ ലോകകപ്പിൽ സ്പെയിൻ എത്താൻ സാധിച്ചത് പ്രീക്വാർട്ടർ വരെ ആയിരുന്നു. ഇന്നലെ മൊറോക്കോ ക്കെതിരെ സംഭവിച്ച അതേ പരാജയം തന്നെയായിരുന്നു കഴിഞ്ഞതവണ റഷ്യക്കെതിരെയും സംഭവിച്ചത്. ഷൂട്ടൗട്ടിൽ സ്പെയിൻ വീണു. 1978ന് ശേഷം എല്ലാ ലോകകപ്പുകളും കളിച്ച ടീമാണ് സ്പെയിൻ. എന്നാൽ കഴിഞ്ഞ കുറച്ച് ലോകകപ്പുകളിൽ അവരുടെ പേപ്പറിലെ വീര്യം മാത്രമാണ് കാണാൻ സാധിക്കുന്നത്. കടലാസിലെ കരുത്തിനപ്പുറം അത്ഭുതകൾ കാണിക്കുവാൻ സ്പാനിഷ് വമ്പന്മാർക്ക് സാധിച്ചില്ല. ഇത്തവണ അതിഗംഭീര വരവായിരുന്നു സ്പെയിൻ ലോകകപ്പിന് വന്നത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് കോസ്റ്റാറിക്കയെ ഇല്ലാതാക്കിയിട്ടായിരുന്നു സ്പെയിൻ തുടങ്ങിയത്.
പിന്നീട് ജർമ്മനിയോട് സമനിലയും ജപ്പാനോട് പരാജയവും ഏറ്റുവാങ്ങി. മറ്റ് ലോകകപ്പുകൾ നിന്നും ഈ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നത് അട്ടിമറികളാണ്. അട്ടിമറികളിലൂടെ പ്രീക്വാർട്ടറിൽ എത്തിയ ജപ്പാനും സൗത്ത് കൊറിയയും അവിടെ വീണു. ഇപ്പോഴും ആ പോരാട്ട വീര്യം കാത്ത് സൂക്ഷിച്ച് അടുത്ത റൗണ്ടിലേക്ക് നീങ്ങിയത് മൊറോക്കോ മാത്രമാണ്.
ഇത്തവണത്തെ ലോകകപ്പിൽ തോൽവി അറിയാതെ നോക്കൗട്ട് ഘട്ടത്തിൽ എത്തിയ അഞ്ച് ടീമുകളിൽ ഒന്ന് മൊറോക്കോ ആണ്. ലോകകപ്പിൽ 1986ൽ പ്രീക്വാർട്ടറിൽ എത്തിയതായിരുന്നു മൊറോക്കോയുടെ ഏറ്റവും വലിയ നേട്ടം. ഇതുവരെ ഖത്തറിൽ മൊറോക്കോയുടെ പോസ്റ്റിൽ എതിരാളികൾക്ക് നേടാൻ സാധിച്ചത് വെറും ഒരൊറ്റ ഗോൾ മാത്രമാണ്. ക്രൊയേഷ്യയെ സമനിലയിൽ തളച്ചും ബെൽജിയത്തെ അട്ടിമറിച്ചുമാണ് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് എത്തിയത
ലക്ഷ്യം കാണാനുള്ള പോരാട്ടവീര്യവും വേഗത്തിലുള്ള പ്രത്യാക്രമണവും ഉറച്ച പ്രതിരോധവും തന്നെയാണ് മൊറോക്കോയുടെ മുതൽക്കൂട്ട്. ക്വാർട്ടറിൽ പോർച്ചുഗൽ ആണ് മൊറോക്കോയുടെ എതിരാളികൾ. സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് പ്രവേശനം നേടിയ പോർച്ചുഗലിനെതിരെ വിജയിക്കുന്നത് ആഫ്രിക്കൻ വമ്പൻമാർക്ക് അത്ര എളുപ്പമാകില്ല.
അടുത്ത പ്രാവശ്യവും ടിക്കി ടാക്കയുമായി വന്നാൽ ഒരുപക്ഷേ സ്പെയിനിന് ഇതുതന്നെ ആയിരിക്കും അവസ്ഥ. ഈ ശൈലിയിൽ ഇനിയും മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. അടുത്ത ലോകകപ്പിൽ പുതിയ ശൈലി നേടാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ സ്പാനിഷ് വമ്പൻമാർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
ടിക്കി ടാക്ക ശൈലിയില്‍ ബോക്സില്‍ വരെ എത്തുന്നുണ്ടെങ്കിലും ഗോളടിക്കാന്‍ മറന്നു പോയ സ്പെയ്നിനെയാണ് കണ്ടത്. ഈ പ്രീക്വാര്‍ട്ടര്‍ തോല്‍വിയില്‍ തന്നെ 77 ശതമാനം ബോള്‍ കൈവശം വച്ച് 1050 പാസ്സുകളാണ് നടത്തിയത്. പക്ഷേ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തത് രണ്ടെണ്ണം മാത്രം. അതേ സമയം മൊറോക്കെയാവാട്ടെ 331 പാസ്സ് മാത്രമാണ് നടത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് സ്പെയിന്‍ തോറ്റപ്പോള്‍ പന്ത് കൈവശം വച്ചത് 78 ശതമാനമാണ്. 1070 പാസ്സ് കളിച്ചാണ് അന്ന് സ്പെയിന്‍ തോറ്റത്. അതേ സമയം വെറും 167 പാസ്സ് പൂര്‍ത്തികരിച്ചായിരുന്നു ജപ്പാന്‍റെ വിജയം.