ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ 3 മാസം പുറത്ത്. അലാവസിനെതിരെ ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പിന്‍റെ ക്രമത്തില്‍ വിത്യാസം വരുന്ന അസുഖമാണ് സെര്‍ജിയോ അഗ്യൂറോയില്‍ കണ്ടെത്തിയത്.
അലാവസനെതിരെ ആദ്യ ലൈനപ്പില്‍ ഇറങ്ങിയ അഗ്യൂറോ 40 മിനിറ്റോളം കളിച്ചിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ പ്രാഥമിക ശുശ്രുക്ഷകള്‍ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചതിനു ശേഷം താരം തന്നെ ട്വിറ്ററില്‍ എല്ലാവരോടും സുഖമായിരിക്കുന്നു എന്നറിയിച്ചു
“ഞാൻ സുഖമായിരിക്കുന്നു, ചികിത്സാപ്രക്രിയ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാൻ ഞാൻ തയ്യാറായിരിക്കയാണ്. നിങ്ങൾ സ്നേഹത്തോടെ, പിന്തുണ നൽകുന്നതിനായി അയച്ച എല്ലാ സന്ദേശങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അതെന്റെ ഹൃദയത്തെ കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്.”
അതേ സമയം ലാലീഗയില്‍ മോശം ഫോമാണ് ബാഴ്സലോണ തുടരുന്നത്. 11 മത്സരങ്ങളില്‍ 16 പോയിന്‍റുമായി ബാഴ്സലോണ ഒന്‍പതാമതാണ്. ചാംപ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.