ഇനി മൂന്ന് കളികൾ ജയിച്ചാലും ഇന്ത്യ സെമിയിൽ കയറില്ല :പ്രവചിച്ച് സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും നായകൻ വിരാട് കോഹ്ലിയും ഇപ്പോൾ അതിരൂക്ഷമായ വിമർശനങ്ങളുടെ നടുവിലാണ്. ടി :20 ലോകകപ്പിലെ തുടർ തോൽവികൾ ടീം ഇന്ത്യയെ കൊണ്ടെത്തിച്ചിരിക്കുന്നത് വളരെ പ്രയാസകരമായ ഒരു സ്ഥിതിയിൽ തന്നെയാണ്. സൂപ്പർ 12 റൗണ്ടിൽ പാക്, ന്യൂസിലാൻഡ് ടീമുകളോട് തോൽവികൾ വഴങ്ങി നിലവിൽ ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കോഹ്ലിയും ടീമും. എല്ലാ അർഥത്തിലും എതിരാളികൾക്ക് മുൻപിൽ തോൽവി സമ്മതിച്ച ഇന്ത്യൻ ടീമിന് ഗ്രൂപ്പിലെ മൂന്ന് ശേഷിക്കുന്ന മത്സരങ്ങളും പ്രധാനമാണ്. നമീബിയ, സ്കോലൻഡ്, അഫ്‌ഘാൻ ടീമുകൾക്ക് എതിരായിട്ടുള്ള വരുന്ന മത്സരങ്ങളിൽ ജയത്തിൽ കുറഞ്ഞത് ഒന്നും ചിന്തിക്കാൻ പോലും ഇന്ത്യൻ ടീമിന് കഴിയില്ല.എന്നാൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാലും ടീം ഇന്ത്യ സെമി ഫൈനൽ കളിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്. നിലവിൽ മിന്നും ഫോമിലുള്ള പാകിസ്ഥാൻ മാത്രം സെമി ഫൈനൽ യോഗ്യതക്ക്‌ അരികിലേക്ക് എത്തിയെന്നും വീരു ചൂണ്ടികാണിക്കുന്നു

“ഈ ടി :20 ലോകകപ്പ് ഇന്ത്യൻ ടീമിന്റെ അല്ല എന്നത് ആദ്യത്തെ 2 മത്സരങ്ങൾ തെളിയിച്ചു കഴിഞ്ഞു. എല്ലാം നഷ്ടമായ ടീമിനെ പോലെയാണവർ കളിക്കുന്നത്. കൂടാതെ സെമി ഫൈനലിലേക്ക് ഇനി ഗ്രൂപ്പിൽ ശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും ഇന്ത്യൻ ടീം യോഗ്യത നേടും എന്നത് എനിക്ക് തോന്നുന്നില്ല. കിവീസ് ടീമിനെതിരെ ഇന്ത്യൻ ടീം കളിച്ച രീതി അത് ഒരിക്കൽ കൂടി കാണിക്കുന്നുണ്ട്. ടൂർണമെന്റിലെ രണ്ട് കളികളിലും എല്ലാ തരത്തിലും കോഹ്ലിയും ടീമും കളിച്ചത് നമീബിയ, അഫ്‌ഘാൻ ടീമുകളെ പോലെ ആണ്.ഗ്രൂപ്പിൽ മോശം കളികൾ മാത്രം കളിച്ച ഇന്ത്യൻ ടീം സെമി ഫൈനലിലേക്ക്‌ യോഗ്യത ആഗ്രഹിച്ചാലും അത് നടക്കും എന്നതിൽ എനിക്ക് സംശയമുണ്ട് “വീരു അഭിപ്രായം വിശദമാക്കി.

അതേസമയം മോശം ടീം സെലക്ഷൻ ടീം ഇന്ത്യയുടെ തോൽവിക്കുള്ള കാരണം ആയി മാറിയിട്ടുണ്ട് എന്നാണ് മുൻ താരങ്ങൾ പലരും അഭിപ്രായപെടുന്നത്. കൂടാതെ ഇന്ത്യൻ ടീമിന്‍ന്‍റെ ശരീരഭാഷയും വളരെ അധികം ചോദ്യം ചെയ്യപ്പെടുന്നു. നിലവിൽ രണ്ട് ജയങ്ങൾ നേടിയിട്ടുള്ള അഫ്‌ഘാൻ ടീം ഇന്ത്യക്കും കിവീസിനും ഒപ്പം സെമി ഫൈനൽ പ്രവേശനം കൂടി ശക്തമാക്കുന്നുണ്ട്. അതേസമയം നെറ്റ് റൺ റേറ്റും ഇന്ത്യക്ക് തിരിച്ചടിയാണ്.