ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ സ്വപ്ന പോരാട്ടത്തിന് ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ബ്രസീലും അർജൻ്റീനയും ആ മത്സരത്തിൽ വിജയിച്ചാൽ സെമി ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടും. ക്വാർട്ടറിൽ ബ്രസീലിൻ്റെ എതിരാളികൾ ക്രൊയേഷ്യയും അർജൻ്റീനയുടെ എതിരാളികൾ നെതർലാൻഡ്സുമാണ്.
ഇപ്പോൾ ഇതാ ലോകകപ്പിൽ തങ്ങളുമായി ഏറ്റുമുട്ടുവാൻ ബ്രസീൽ ടീം ആഗ്രഹിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ അർജൻ്റീന ഇതിഹാസം സെർജിയോ അഗ്യൂറോ.”ബ്രസീൽ അവസാനമായി ഞങ്ങളോട് തോറ്റത് കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ലോകകപ്പിലും ഞങ്ങളോട് കളിക്കുവാൻ അവർ ആഗ്രഹിക്കില്ല.”- അഗ്യൂറോ പറഞ്ഞു.
ബ്രസീലിൻ്റെ നാട്ടിൽ വച്ചായിരുന്നു അർജൻ്റീന അന്ന് കോപ്പ അമേരിക്ക കിരീടം ഉയർത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു അന്ന് നീലപ്പടയുടെ വിജയം. അന്ന് റിയോ ഡി ജനീറോയിൽ വച്ച് നടന്ന പോരാട്ടത്തിൽ എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലാണ് അർജൻ്റീന വിജയം നേടിയത്.
സെമി ഫൈനലിൽ അര്‍ജന്‍റീനയെ എതിരാളികൾ ആയി ലഭിച്ചാൽ മഞ്ഞപ്പടക്ക് കണക്ക് തീർക്കാനുള്ള അവസരം കൂടിയായിരിക്കും അത്. ഇരുവരും ഉള്ള പോരാട്ടം വന്നാൽ അത് ഫൈനലിനെ മറികടക്കുന്ന വമ്പൻ മത്സരമായി മാറും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. എന്തായാലും ഈ സ്വപ്ന പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.