ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജൻ്റീനയും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് പോരാട്ടം.
ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന പിന്നീട് ഒരു മത്സരം പോലും തോൽക്കാതെയാണ് ഫൈനലിന് യോഗ്യത നേടിയത്. അന്ന് അർജൻ്റീനയെ തോൽപ്പിച്ചത് ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാടിന്റെ കീഴിലുള്ള ടീമായിരുന്നു. ഇപ്പോഴിതാ ആ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന മെസ്സിയെ എങ്ങനെയാണ് നിങ്ങൾ പൂട്ടിയത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്.
“പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് മെസ്സിയിലാണ്. പരമാവധി ചെയ്യേണ്ടത് അദ്ദേഹത്തിലേക്ക് ബോൾ എത്തിക്കുന്നത് തടസ്സപ്പെടുത്തുക എന്നതാണ്. റോഡ്രിഗോ ഡി പോളാണ് മെസ്സിയിലേക്ക് കൂടുതലായും പന്ത് എത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഡിപോളിനെ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മധ്യനിര താരത്തെ മെസ്സിയിലേക്ക് പന്ത് എത്തിക്കുന്നത് തടയാൻ ഞാൻ ഏൽപ്പിച്ചിരുന്നു.
അത് നല്ല രീതിയിൽ ചെയ്യാത്തത് കൊണ്ടാണ് ആദ്യം പകുതിക്ക് ശേഷം ഡ്രസിങ് റൂമിൽ ഞാൻ അത്തരത്തിൽ സംസാരിച്ചത്. മെസ്സിക്ക് ഗോൾപോസ്റ്റിൽ നിന്നും 35-40 മീറ്റർ അകലെ നിന്ന് ഒരിക്കലും സ്വാതന്ത്ര്യം നൽകരുത്. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.”- അദ്ദേഹം പറഞ്ഞു.