ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.അൽവരോ വാസ്‌ക്വസിൻ്റെ ഇരട്ടഗോളിലും മലയാളി താരം സഹലിൻ്റെ മിന്നും ഗോളിലും ആണ് ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. സെമി പ്രവേശനം നേടുവാൻ നിർണായക മത്സരമായിരുന്നു ഇത്.
മുംബൈ സിറ്റിയെ തകർത്തതോടെ 19 കളികളിൽ നിന്നും 33 പോയിൻ്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് എത്തി. എഫ് സി ഗോവയുമായുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് സെമിയിൽ പ്രവേശിക്കാം. എന്നാൽ മുംബൈ സിറ്റിക്ക് അടുത്ത മത്സരം ശക്തരായ ഹൈദരാബാദ് നെതിരെ വിജയം അനിവാര്യമാണ്. 19 കളികളിൽ നിന്നും 31 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.
മലയാളി താരമായ സഹൽ അബ്ദുൽ സമദ് ആയിരുന്നു കേരളത്തിൻ്റെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മത്സരത്തിൻ്റെ ഇരുപത്തിയേഴാം മിനിറ്റിൽ അസാമാന്യ ഡ്രിബ്ലിങ്ങിലൂടെ 5 മുംബൈ താരങ്ങളെ കബളിപ്പിച്ച് ഔട്ട്സൈഡ് ബോക്സിൽ നിന്നും സഹൽ തൊടുത്ത ഷോട്ട് ഗോൾകീപ്പർ നവാസിനെ നിഷ്പ്രഭനാക്കി. പിന്നീട് മത്സരത്തിൻ്റെ 46ആം മിനിറ്റിൽ ബോക്സിൽ വെച്ച് അൽവാരോ വാസ്‌ക്വസിനെ മുംബൈ ക്യാപ്റ്റൻ മോർതാദ്ധ ഫാൾ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വാസ്ക്വസ് തന്നെ ഗോൾ ആക്കി മാറ്റി.
60ആം മിനിറ്റിൽ മുംബൈ ഗോൾകീപ്പർ നവാസിൽ നിന്നും വന്ന വലിയ ഒരു പിഴവ് വാസ്ക്വസ് മുതലാക്കി കേരളത്തിൻ്റെ ലീഡ് 3 ഗോളിലേക്ക് ഉയർത്തി.71 ആം മിനിറ്റിൽ പകരകരനായി ഇറങ്ങിയ മൗറിഷ്യോയേ കേരള ബോക്സിൽ പ്രതിരോധ താരം ഹോർമിപാം ചെയ്ത ഫൗളിൽ ലഭിച്ച പെനാൽറ്റിയിലൂടെ മൗറിഷ്യോ മുംബൈയുടെ ആശ്വാസ ഗോൾ നേടി.
ഇത് ടീമിൻ്റെ ഒത്തൊരുമയോടെ വിജയം ആണെന്നും വളരെയധികം സന്തോഷം ഉണ്ടെന്നും,എല്ലാവരും അവരവരുടെ 100% കളി പുറത്ത് എടുതെന്നും സഹൽ അബ്ദുൽ സമദ് മൽസരതിന് ശേഷം പറഞ്ഞു.ടീം വിജയിക്കുമ്പോൾ അതിൽ ഒരു ഗോൾ നേടാൻ ആയതിൽ സന്തോഷം ഉണ്ടെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നു എന്നും സഹൽ പറഞ്ഞു.ഇതുവരെ സെമി ഉറപ്പായിട്ടില്ല എന്നും അടുത്ത കളി എഫ്.സി ഗോവയ്ക്കെതിരെ എല്ലാവരും മികച്ച കളി പുറത്തെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും താരം കൂട്ടിച്ചേർത്തു.
ഈ സീസണിലെ അഞ്ചാമത്തെ ഗോൾ ആയിരുന്നു മുംബൈ സിറ്റിക്കെതിരെ സഹൽ അബ്ദുൽ സമദ് ഇന്നലെ നേടിയത്. മുംബൈ ക്കെതിരെയുള്ള ആദ്യപാദ മത്സരത്തിലും താരം ഗോൾ നേടിയിരുന്നു. ഐഎസ്എല്ലിൽ എഴുപത് മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും 5 അസിസ്റ്റ്കളും ഇതുവരെ നേടിയിട്ടുണ്ട്.