രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബ്ബിന് വേണ്ടി കരാർ ഒപ്പിടുന്നതിന് തൊട്ടു മുൻപ് വരെ ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡിൽ നിന്നും തനിക്ക് ഓഫർ വരും എന്ന് പ്രതീക്ഷയിലായിരുന്നു റൊണാൾഡോ എന്നാണ് അറിയുന്നത്.
റൊണാൾഡോയുടെ പഴയകാല ക്ലബ്ബായിരുന്നു റയൽ മാഡ്രിഡ്. അതുകൊണ്ടുതന്നെ 37 വയസ്സുകാരനായ പോർച്ചുഗൽ ഇതിഹാസത്തിന് അവർ തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലന ഗ്രൗണ്ടിൽ താരം പരിശീലനത്തിന് ഇറങ്ങിയത് വലിയ തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. താരത്തിന്റെ മകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിൽ ചേരുകയും ചെയ്തു.
40 ദിവസത്തോളം റയലിന്റെ ഓഫർ കാത്തിരുന്നതിനു ശേഷമാണ് സൗദി ക്ലബ്ബിൻ്റെ കരാറിൽ താരം ഒപ്പിട്ടത്. സൗദി ക്ലബ് അൽ നസറിന് വേണ്ടി രണ്ടര വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. 200 മില്യൺ യൂറോ ആണ് താരത്തിന്റെ പ്രതിഫലം. അതായത് ഇന്ത്യൻ മണി ഏകദേശം 1950 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് റൊണാൾഡോ സൗദി ക്ലബ്ബുമായി കരാറിൽ എത്തിയിരിക്കുന്നത്. കളിക്കാരനായി മാത്രമല്ല സൗദി ഫുട്ബോളിന്റെ അംബാസഡർ ആയും താരം പ്രവർത്തിക്കും.
ഇത് 2030ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി ശ്രമിക്കുമ്പോൾ അതിന് ഊർജം നൽകും എന്നാണ് പ്രതീക്ഷ. ലോകകപ്പിൽ ഇടയിലാണ് തൻ്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദാക്കിയത്. ഒരു അഭിമുഖത്തിനിടയിൽ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെതിരെയും മാനേജ്മെൻ്റിനെതിരെയും താരം നടത്തിയ രൂക്ഷമായ വിമർശനങ്ങളാണ് കരാർ റദ്ദാക്കാൻ കാരണം.