നാളെയാണ് ഇന്ത്യ ശ്രീലങ്ക ട്വൻ്റി-20 പരമ്പരക്ക് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയുടെ പുതുവർഷത്തിലെ ആദ്യ പരമ്പര ആയതിനാൽ വിജയിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്. രാത്രി 7 മണിക്ക് ഇന്ത്യൻ സമയമാണ് മത്സരം. മത്സരം തൽസമയം കാണാൻ സാധിക്കുക സ്റ്റാർ സ്പോർട്സിൽ ആണ്. ഇന്ത്യ ശ്രമിക്കുന്നത് കഴിഞ്ഞ വർഷത്തെ തിരിച്ചടികൾ മറന്ന് ശക്തമായി തിരിച്ചുവരാനാണ്. നാളെ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.
മറുവശത്ത് ശ്രീലങ്ക ഇറങ്ങുന്നത് ദസുൻ ഷനകയുടെ കീഴിലാണ്. കഴിഞ്ഞവർഷം നടന്ന ഏഷ്യ കപ്പിൽ ഇന്ത്യയെ നാണം കെടുത്താൻ ശ്രീലങ്കക്ക് സാധിച്ചിരുന്നു. അതിന് പകരം വീട്ടാനുള്ള മികച്ച അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ കളിച്ച് അനുഭവസമ്പത്തുള്ള ശ്രീലങ്കയെ പരാജയപ്പെടുത്തുന്നത് ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. സമീപകാലത്ത് ഇന്ത്യയുടെ കുട്ടി ക്രിക്കറ്റിലെ പ്രകടനം അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ ശക്തമായി ഇന്ത്യക്ക് തിരിച്ചുവരേണ്ടത് അനിവാര്യമാണ്. ശ്രീലങ്കയ്ക്കെതിരെ സീനിയർ താരങ്ങളെ ഒഴിവാക്കി യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്, കോഹ്ലി, രാഹുൽ എന്നീ മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം നൽകിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഓപ്പണിങ്ങിൽ ഇഷാൻ കിഷൻ-ശുബ്മാൻ ഗിൽ കൂട്ടുകെട്ടിനെ പരീക്ഷിക്കാനാണ് സാധ്യത കൂടുതൽ. നിലവിലെ കൂട്ടുകെട്ടിനെ പൊളിച്ചെഴുതി പുതിയ കൂട്ടുകെട്ട് പരീക്ഷിക്കുമ്പോൾ ഫലം എന്താകും എന്ന് നോക്കിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. നിരന്തരം ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്. ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ മുതലാക്കിയിട്ടും താരത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.
66 ന് മുകളിൽ ഏകദിനത്തിൽ ശരാശരിയുള്ള സഞ്ജുവിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. എന്നാൽ 20-20 ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. പന്തിന്റെ അഭാവത്തിൽ മധ്യനിരയിൽ താരത്തിന് നിർണായ സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം ശ്രീലങ്ക ഇറങ്ങുന്നത് ഇന്ത്യയെ ഏഷ്യ കപ്പിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും.
ഇന്ത്യയെ വിറപ്പിക്കാൻ സാധ്യതയുള്ള കളിക്കാരാണ് ബനുക രാജപക്സേ, കുശാൽ മെൻഡിസ്, പതും നിസംഗ, ദസുൻ ഷണക എന്നിവർ. 26 തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 17 തവണയും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു. 8 തവണ മാത്രമാണ് ശ്രീലങ്കയ്ക്ക് ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ഒരു മത്സരം ഫലമില്ലാതെ പോയി. നാളെ ഇറങ്ങാൻ സാധ്യതയുള്ള ഇരു ടീമുകളുടെയും സാധ്യത ഇലവൻ പരിശോധിക്കാം..
ഇന്ത്യ-ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്.
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ബനുക രാജപക്‌സെ, ദസുന്‍ ഷണക (c), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, ലഹിരു കുമാര, ദില്‍ഷന്‍ മധുശന്‍ക