ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളിന്‍റെ തകർപ്പൻ വിജയമായിരുന്നു പോർച്ചുഗൽ നേടിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. ഇപ്പോഴിതാ ആ തീരുമാനത്തിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി എൽമ അവീരോ. പരിശീലകൻ ഫെർണാണ്ടൊ സാൻഡോസിനെതിരെയാണ് എൽമ അവീരോ പറഞ്ഞത്.
2008ന് ശേഷം ആദ്യമായാണ് റൊണാൾഡോയെ പുറത്തിരുത്തി പോർച്ചുഗൽ കളിക്കാൻ ഇറങ്ങിയത്. പോർച്ചുഗലിന്റെ കഴിഞ്ഞ 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവനിൽ താരം സ്ഥാനം നേടിയിരുന്നു. ടീമിനായി ഇത്രയും കാലം വലിയ വലിയ സംഭാവനകൾ നൽകിയ താരത്തെ പുറത്തിരുത്തിയത് ശരിയായില്ല എന്നാണ് സഹോദരി പറഞ്ഞത്.
“ഇത് തികച്ചും അവഹേളനമാണ്. ടീമിന് വേണ്ടി ഇത്രയധികം ചെയ്തവനെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ല. ഇത് വലിയ നാണക്കേടാണ്.”-സഹോദരി പറഞ്ഞു. മത്സരത്തിൽ വമ്പൻ വിജയം നേടിയ പോർച്ചുഗലിനെ പ്രശംസിക്കാൻ റൊണാൾഡോ മറന്നില്ല. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തൻ്റെ സഹതാരങ്ങളെ അഭിനന്ദിച്ചത്.
ലോക ഫുട്ബാളിലെ ഏറ്റവും വലിയ മത്സരത്തിൽ ചരിത്രപരമായ ഫലവുമായി പോർചുഗലിന് അവിശ്വസനീയമായ ദിവസം. പ്രതിഭയും യുവത്വവും നിറഞ്ഞ ടീമിന്റെ ആഡംബര പ്രദർശനം. ഞങ്ങളുടെ തെരഞ്ഞെടുപ്പ് അഭിനന്ദനം അർഹിക്കുന്നു. സ്വപ്നം ജീവനുള്ളതാണ്! അവസാനം വരെ! ശക്തി, പോർചുഗൽ!’ -താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.