കഴിഞ്ഞ സമ്മറിൽ ഇറ്റാലിയൻ വമ്പൻമാരായ യുവൻ്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും വ്യക്തിപരമായി റൊണാൾഡോ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ ഫിനിഷ് ചെയ്തത്.
അടുത്ത സീസണിൽ റൊണാൾഡോയെ എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തിൽ പുതിയ പരിശീലകനായ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബിൻ്റെ ഇതിഹാസ താരമായിരുന്ന ടെഡി ഷയറിങ്ഹാം.ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുമെങ്കിലും അദ്ദേഹത്തിൻ്റെ പ്രായം ടീമിൻ്റെ ബാലാൻസിങ് തെറ്റിക്കുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പറയുന്നത്. കരിയറിലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ അല്ല അദ്ദേഹം ഇപ്പൊൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു .
“ടെൻ ഹാഗിന്റെ കേളീശൈലിയിൽ താരം ഏറ്റവും മികച്ചതായിരിക്കുമോ? അതദ്ദേഹം തന്നെ കണ്ടെത്തിയെടുക്കണം. റൊണാൾഡോ ഒരു സഹായമാണോ അതോ തടസ്സമാണോ ഉണ്ടാക്കുകയെന്ന് പരിശീലകൻ കണ്ടെത്തണം. ഒരു ലോകോത്തര താരമായതിനാൽ തന്നെ റൊണാൾഡോക്ക് സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ മുൻപുണ്ടായിരുന്ന ചലനവേഗത താരത്തിനിപ്പോൾ ഇല്ല.
റൊണാൾഡോ ഏതു തരം കളിക്കാരനാണെന്ന് ഇപ്പോൾ നിങ്ങളോട് പറയാൻ എനിക്കറിയില്ല. താരം ഇപ്പോഴൊരു റൈറ്റ് വിങ്ങറല്ല. നമ്പർ 10 താരവുമല്ല. സെന്റർ ഫോർവേഡുമല്ലാത്ത താരത്തെ വെച്ച് ശരിയായ ബാലൻസ് കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമായിരിക്കും.”- അദ്ദേഹം പറഞ്ഞു.