ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവ് നടത്തി റയല്‍ മാഡ്രിഡ്. 90 മിനിറ്റ് വരെ രണ്ട് ഗോളിനു പിറകില്‍ നിന്ന ശേഷം 2 മിനിറ്റിനിടെ റോഡ്രിഗോ നേടിയ രണ്ട് ഗോളില്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കളി തിരിച്ചു പിടിക്കുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ കരീം ബെന്‍സേമ, റയലിനെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചു.
ഒരു ഗോളിന്‍റെ കുറവുമായാണ് റയല്‍ മാഡ്രിഡ്, സാന്‍റിയാഗോ ബെര്‍ണബൂവില്‍ എത്തിയത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം മഹാരെസിന്‍റെ ഗോളിലൂടെ സിറ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബെര്‍ണാഡോ സില്‍വയുടെ പാസ്സില്‍ നിന്നുമായിരുന്നു താരത്തിന്‍റെ ഗോള്‍. എന്നാല്‍ മത്സരം തോല്‍ക്കാന്‍ റയല്‍ തയ്യാറായിരുന്നില്ലാ.
90ാം മിനിറ്റില്‍ കരീം ബെന്‍സേമയുടെ അസിസ്റ്റില്‍ നിന്നും റോഡ്രിഗോ ലക്ഷ്യം കണ്ടു. തൊട്ടു പിന്നാലെ കര്‍വഹാലിന്‍റെ ക്രോസില്‍ നിന്നും ഹെഡര്‍ ഗോളോടെ റോഡ്രിഗോ സമനില കണ്ടെത്തി കളി എക്സ്ട്രാ ടൈമില്‍ എത്തിച്ചു.
എക്സ്ട്രാ ടൈമില്‍ ബെന്‍സേമയെ ബോക്സില്‍ വീഴ്ത്തിയതിനു പെനാല്‍റ്റി അനുവദിച്ചു. താരം തന്നെ അനായാസം ലക്ഷ്യം കണ്ടു. മത്സരം 3 – 1 ന് വിജയിച്ചു ഇരു പാദങ്ങളിലുമായി 6 – 5 ന്‍റെ വിജയമാണ് റയല്‍ നേടിയത്. ഫൈനലില്‍ ലിവര്‍പൂളിനെ നേരിടും.